തൊടുപുഴ: ജില്ലയുടെ ചിരകാല സ്വപ്നമായ ശബരിപാതയ്ക്ക് വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി. അങ്കമാലി- എരുമേലി- ശബരി റെയിൽ പാതയുടെ പദ്ധതി ചിലവിന്റെ പകുതി 1408 കോടി രൂപ കേരളം വഹിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി ജോയ്‌സ് ജോർജ് എം.പി പറഞ്ഞു. 2816 കോടിയുടെ പദ്ധതി ചിലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമുണ്ടായത്. ഇതോടെ 18 വർഷമായി മുടങ്ങികിടന്ന പദ്ധതി വീണ്ടും ട്രാക്കിലായി. 50 ശതമാനം വീതം തുല്യമായി ചിലവ് വഹിക്കുന്ന പദ്ധതികൾ മാത്രമേ കേന്ദ്ര റെയിൽവേ മന്ത്രാലയം ഏറ്റെക്കൂവെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പകുതി ചിലവ് വഹിക്കാൻ സന്നദ്ധത അറിയിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയത്. കിഫ്ബിയിലൂടെയാണ് സർക്കാർ ധനസമാഹരണം നടത്താൻ ഉദ്ദേശിക്കുന്നത്. എം.പിയോടൊപ്പം ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എൽദോ എബ്രഹാം എം.എൽ.എ, ആന്റണി ജോൺ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, മുൻ എം.എൽ.എ ബാബു പോൾ, ഗോപി കോട്ടമുറിക്കൽ,​ പി.എം. ഇസ്മായിൽ, അഡ്വ. സി.കെ. വിദ്യാസാഗർ, ജിജോ പനച്ചിനാനി, പി.ആർ മുരളീധരൻ, അഡ്വ. ഇ.എ റഹിം എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

ഇതുവരെ പച്ചകൊടി

മഞ്ഞള്ളൂർ വില്ലേജ് വരെയുള്ള സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് തയ്യാറായിക്കഴിഞ്ഞു. പഠനം പൂർത്തീകരിച്ച വില്ലേജുകളിൽ ഹിയറിംഗ് നടത്തി സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലാകെ ആറ് റെയിൽവേ സ്റ്റേഷനുകൾ ആണ് നിശ്ചയിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിൽ പുതിയ അലൈൻമെന്റിന് സർവേ പൂർത്തിയായി കഴിഞ്ഞു.

'എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗതാഗത വികസനത്തിനും സാമൂഹ്യ പുരോഗതിക്കും റെയിൽവേ നിർമ്മാണം അത്യാവശ്യമാണ്. ശബരിമല, ഭരണങ്ങാനം തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ശബരി റെയിൽപാത പ്രയോജനപ്പെടും"

-മുഖ്യമന്ത്രി