വെള്ളത്തൂവൽ: പ്രളയം, കൃഷി, മൃഗസംരക്ഷണം എന്നീ പദ്ധതികൾക്ക്
മുൻതൂക്കം നൽകി 24,19,00,184 രൂപ വരവും 23,94,71,000 രൂപ ചിലവും 24,29184 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2019- 20 വർഷത്തെ വെള്ളത്തൂവൽ പഞ്ചായത്ത് ബഡ്ജറ്റ് പാസായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സന്തോഷ് അവതരിപ്പിച്ച ബഡ്ജറ്റിൽ കഴിഞ്ഞ പ്രളയത്തിൽ ഏറെ കെടുതികൾ നേരിട്ട പഞ്ചായത്ത് എന്ന നിലയ്ക്ക് അവയ്ക്ക് പരിഹാരം കാണാനാണ് ബഡ്ജറ്റിൽ മുൻഗണന നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി അറിയിച്ചു. കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പശ്ചാത്തല മേഖലകൾക്ക് ബഡ്ജറ്റ് ഉണർവേകും. കൂടാതെ ചെങ്കുളം, മുതുവാൻകുടി, പ്രദേശത്ത് ടൂറിസം മേഖലയിൽ വാച്ച് ടവർ നിർമ്മിക്കും. സ്‌കൂളുകളിൽ നീന്തൽകുളവും വെള്ളത്തൂവൽ ടൗണിൽ വിപണന കേന്ദ്രവും സ്ഥാപിക്കുന്നതിന് ബഡ്ജറ്റിൽ മുൻഗണന നൽകും. കൂടാതെ എം.എൽ.എ ഫണ്ടിൽ നിന്ന് മൂന്ന് കോടി സമാഹരിച്ച് പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുമെന്നും പി.എം.എ.വൈ പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിൽ 170 വീടുകൾ പണിയുന്നതിന് പുറമേ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഒഴുകാ സിറ്റിയിൽ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.