രാജാക്കാട്: ബൈസൺവാലി പഞ്ചായത്തിലെ ജോസ്ഗിരി ടൗണിന് സമീപം അരയേക്കറോളം കൃഷിയിടം തീപിടിച്ച് നശിച്ചു. കല്ലുവെട്ടത്ത് രമണി വിശ്വംഭരന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് തീപിടിത്തമുണ്ടായത്. തെങ്ങ് ഉൾപ്പെടെയുള്ള വിളകൾ കത്തിനശിച്ചു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് അഗ്നിബാധയുണ്ടാകുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആളിപ്പടർന്ന തീയിൽ കായ്ഫലമുള്ള തൊണ്ണൂറോളം കൊക്കോച്ചെടികൾ, കുരുമുളക്, ഒമ്പത് തെങ്ങുകൾ എന്നിവയുൾപ്പെടെ സകല കാർഷിക വിളകളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇതിനു മുമ്പ് രണ്ട് തവണ തീപിടിത്തം ഉണ്ടായിരുന്നു. പറമ്പിലൂടെ കടന്നു പോകുന്ന ത്രീ ഫേസ് വൈദ്യുതി ലൈൻ കൂട്ടിമുട്ടിയതോ ആരെങ്കിലും മനഃപൂർവ്വം തീയിട്ടതോ ആകാം കാരണമെന്ന് കരുതുന്നു. അടുത്തിടെ ജോലികൾ തീർത്ത ലൈൻ ആയതിനാൽ വൈദ്യുതി കമ്പികൾ കൂട്ടിമുട്ടി തീ പടരാനുള്ള സാദ്ധ്യത തീർത്തും കുറവാണെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു.