മറയൂർ: കാന്തല്ലൂരിലെ ഏറ്റവും പിന്നാക്ക പ്രദേശമായ മിഷ്യൻ വയലിലെ പിന്നാക്ക കർഷക കുടുംബത്തിൽ പിറന്ന ആസിഫ് ഗുജറാത്തിലെ റായ്‌പൂരിൽ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിൽ കേരളത്തിനായി നേടിയെടുത്ത സ്വർണമെഡലുമായി മറയൂരിലെത്തും. ലോഗ് ജംബിൽ 7.12 മീറ്റർ ദൂരം ചാടിയാണ് മുഹമ്മദ് ആസിഫ് അഞ്ചുനാടിന്റെ അഭിമാനമായത്. ആസിഫിന്റെ അമ്മ ജീവയും പിതാവ് കാജാ നജുമുദ്ദീനും തയ്യൽ ജോലിയിലൂടെയാണ് മകന്റെ കായിക പരിശീലനത്തിനൂള്ള പണം കണ്ടെത്തുന്നത്. പാലക്കാട് സ്വദേശിയായ കോച്ച് ഹരിദാസാണ് ആസിഫിന്റെ കഴിവുകൾ കണ്ടെത്തിയത്. മകന്റെ പരിശീലനം മുടങ്ങാതിരിക്കുന്നതിനായി മാതാപിതാക്കൾ ഇപ്പോൾ കോയമ്പത്തൂരിലാണ് തയ്യൽ ജോലി ചെയ്യുന്നത്. റായ്പൂരിൽ നേടിയെടുത്ത സ്വർണ്ണവുമായി ഇന്നലെയാണ് ആസിഫ് കോയമ്പത്തൂരിലെത്തിയത്. പിന്നീട് പരിശീലനം മുടങ്ങാതിരിക്കാൻ പാലക്കാട്ടിലേക്ക് പോയി. വെള്ളിയാഴ്ച മാതാപിതാക്കളുമായി ജന്മനാടായ കാന്തല്ലൂരിലെ മിഷ്യൻ വയലിലേക്ക് എത്തും. ഭൗസിയ, ഷബാന എന്നിവരാണ് ആസിഫിന്റെ സഹോദരിമാർ. പിന്നാക്ക ഗ്രാമത്തിൽ നിന്ന് പോയി രാജ്യത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയ ആസിഫ് വെള്ളിയാഴ്ച സ്വർണതിളക്കവുമായെത്തുമ്പോൾ സ്വീകരണം ഒരുക്കന്നതിനുള്ള തിരക്കിലാണ് നാട്ടുകാരും ബന്ധുക്കളും.