prathikal
പിടിയിലായ പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം. പ്രതികൾ സ്ഥാപിച്ച ചെമ്പുകൊണ്ട് ഉണ്ടാക്കിയ കുരുക്ക്

വണ്ടിപ്പെരിയാർ: വന്യമൃഗങ്ങളെ കുരുക്കിട്ട് പിടിക്കാൻ ശ്രമിച്ച മൂന്ന് അന്യ സംസ്ഥാന തോട്ടം തൊഴിലാളികളെ വനപാലകർ പിടികൂടി. തോട്ടം മാനേജർ മാത്യു ഒളിവിൽ പോയി. പെരിയാർ കടുവാസങ്കേതത്തിലെ വള്ളക്കടവ് വനത്തിനുള്ളിലെ പച്ചക്കാനത്തെ സ്വകാര്യ ഏലത്തോട്ടത്തിലെ അന്യസംസ്ഥാന തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മുകേഷ് (23), കമൽ (24), സുകുശരൺ (55) എന്നിവരാണ് പിടിയിലായത്. പച്ചക്കാനത്തെ ഡൌൺഡൺ എസ്റ്റേറ്റിൽ മൃഗവേട്ട നടക്കുന്നതായി പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ശില്പ. വി. കുമാറിനു രഹസ്യ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച വൈകിട്ട് തേക്കടിയിൽ നിന്ന് വനംവകുപ്പിന്റെ ഡോഗ് സ്‌കോഡ് ജെന്നിയും ജൂലിയും പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് വനത്തിനോട് ചേർന്നു കിടക്കുന്ന സ്വകാര്യ തോട്ടത്തിൽ നിന്ന് നാല് കുരുക്കുകൾ കണ്ടെത്തിയത്. മണം പിടിച്ച് കുരുക്ക് വെച്ചവരെ കണ്ടത്തുകായിരുന്നെന്നാണ് വനപാലകർ പറയുന്നത്. മാൻ, കൂരമാൻ, കേഴ, മുയൽ, കാട്ടുകോഴി എന്നിവയെ പിടികൂടാൻ പാകത്തിനുള്ള കുരുക്കാണിതെന്നാണ് വനംവകുപ്പ് കണ്ടെത്തൽ. കടുവാ സങ്കേതത്തിന്റെ വനംവകുപ്പിന്റെ ഭൂമിയോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ് പച്ചക്കാനം. ദ്വിഭാഷി അബീഷ്‌കുമാറിന്റെ സഹായത്താലാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ തോട്ടം മാനേജരുടെ സഹായത്തോടെയാണ് കുരുക്കുകൾ സ്ഥാപിച്ചതെന്നാണ് ഇവർ നൽകിയ മൊഴിയിൽ പറയുന്നത്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ വനപാലകർ പരിശോധന നടത്തിയെങ്കിലും വന്യമ്യങ്ങളെ പിടികൂടിയതായുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെയും ഈ പ്രദേശത്ത് നിന്ന് അന്യ സംസ്ഥാന തൊഴിലാളികളെ മൃഗവേട്ട നടത്തിയതിന് പിടികൂടിയിട്ടുണ്ട്. വള്ളക്കടവ് റേഞ്ച് ഓഫീസർ സി. അജയൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ്. ടി. മാത്യു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ടി. സന്തോഷ്, എം.എസ്. അനീഷ്‌കുമാർ, ബീറ്റ് ഫോറസ്റ്റർമാരായ ഐ.കെ. സുധാകരൻ, എച്ച്. അനീസ്, ട്രൈബൽ വാച്ചർ ആർ. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.