flat
അടിമാലി പഞ്ചായത്തിൽ ഭവന രഹിതർക്കായി നിർമ്മാണം പൂർത്തീകരിച്ച ഫ്ലാറ്റിന്റെ താക്കോൽ സമുച്ചയം മന്ത്രി എ.സി. മൊയ്ദ്ദീൻ കൈമാറുന്നു

അടിമാലി: രാജ്യത്തിന്റെ മതേതരത്വത്തിലൂന്നി വികസനപ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകാനാണ് പിണറായി വിജയൻ സർക്കാർ കഴിഞ്ഞ 1000 ദിവസങ്ങൾ കൊണ്ട് ശ്രമിച്ചതെന്ന് മന്ത്രി എ.സി. മൊയ്ദ്ദീൻ പറഞ്ഞു. അടിമാലി പഞ്ചായത്തിൽ ഭവന രഹിതർക്കായി നിർമ്മാണം പൂർത്തീകരിച്ച ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടതു സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സമ്പൂർണ്ണ പാർപ്പിട പദ്ധതി. അത് ഘട്ടംഘട്ടമായി നിറവേറ്റി വരികയാണ്. ഭവന ഭൂരഹിതരായവർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ച് കിടപ്പാടമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യപദ്ധതിക്കാണ് അടിമാലി പഞ്ചായത്തിൽ തുടക്കം കുറിച്ചിട്ടുള്ളത്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മാണമാരംഭിച്ച് പൂർത്തിയാകാതെ കിടന്ന 50,​000 വീടുകൾ ഇതിനോടകം ഇടതുസർക്കാർ പൂർത്തീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് പ്രളയകാലത്തെന്ന പോലെ ഒറ്റകെട്ടായി നിൽക്കണം. പ്രളയ ശേഷം കേരളത്തിന്റെ പുനർനിർമ്മിതിക്ക് വേണ്ടവിധം കേന്ദ്ര സഹായം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണം പൂർത്തീകരിച്ച മച്ചിപ്ലാവിലെ ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രി ഉദ്ഘാടന സമ്മേളനത്തിനെത്തിയത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 165 ഭവന ഭൂരഹിതരായ കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമാകും. ജനനി പദ്ധതിക്കായി തൊഴിൽവകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയായിരുന്നു 26 കോടി രൂപ ചിലവഴിച്ച് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത്. പിന്നീട് ലൈഫ് പദ്ധതിക്കായി സർക്കാർ കെട്ടിടം ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറി. കിടപ്പുമുറി, അടുക്കള, സ്വീകരണ മുറി, ശുചി മുറി എന്നിവ ഉൾപ്പെടെ 400 ചതുരശ്ര അടി വിസ്തീർണമാണ് ഓരോ ഫ്ലാറ്റിനുമുള്ളത്. ആകെ മൊത്തം ഒന്നരയേക്കർ സ്ഥലത്താണ് ബഹുനില മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണത്തിനായി 12 ലക്ഷം രൂപയുടെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റും ഫ്ലാറ്റിലേക്കുള്ള പാതയ്ക്കായി 10.50 ലക്ഷം രൂപയും പഞ്ചായത്ത് ചിലവഴിച്ചു. ആരോഗ്യ ഉപകേന്ദ്രം, അംഗൻവാടി, ലൈബ്രറി, തൊഴിൽ പരിശീലന കേന്ദ്രം, കളി സ്ഥലം തുടങ്ങിയവയും കെട്ടിട സമുച്ചയത്തോടനുബന്ധിച്ച് ക്രമീകരിക്കും. സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി തയ്യൽ കേന്ദ്രങ്ങളായിരിക്കും ആദ്യം ആരംഭിക്കുക. 165 കുടുംബങ്ങൾക്ക് പുറമേ പഞ്ചായത്തിലെ നാൽപ്പത് കുടുംബങ്ങൾക്ക് കൂടി പിന്നീട് ഫ്ലാറ്റുകൾ കൈമാറും. 217 ഫ്ലാറ്റുകളാണ് ബഹുനില മന്ദിരത്തിൽ ഒരുക്കിയിട്ടുള്ളത്.