വണ്ടിപ്പെരിയാർ: വിശ്വാസങ്ങളെ സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയ്ക്ക് വണ്ടിപെരിയാറിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയാണ് ശബരിമല പ്രവേശനത്തിൽ വിധിപറഞ്ഞത്. സ്ത്രീപുരുഷ സമത്വം വേണമെന്ന് പറയുന്ന ഭരണഘടനയെ സംസ്ഥാന സർക്കാരിന് എതിർക്കാൻ കഴിയില്ല. ക്രൈസ്തവ സഭകൾക്കെതിരെ എൽ.ഡി.എഫ് നിയന്ത്രിക്കുന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. എൽ.ഡി.എഫിലേക്ക് ക്രൈസ്തവസഭകളിൽ നിന്നുള്ളവർ കടന്നുവരുന്നതു തടയാൻ വേണ്ടിയാണ് ഈ കുപ്രചരണം. കെ.എം. മാണിയുടെ നോട്ടെണ്ണുന്ന മെഷീൻ ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റിന്റെ കൈയിലാണ്. കേരള കോൺഗ്രസ്- എമ്മിനെ പിളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കേരള കോൺഗ്രസിന്റെ ചരിത്രവും അതാണ്. കാസർഗോഡ് കൊലപാതകം ഖേദകരവും അപലപനീയവുമാണ്. കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. ഇടതുപക്ഷത്തിനാണ് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും നഷ്ടം സംഭവിച്ചിട്ടുള്ളത്. എങ്കിലും ഇടതുപക്ഷ പ്രവർത്തകർ അക്രമം നടത്താൻ പാടില്ല. മതേതരസർക്കാർ അധികാരത്തിൽ വരണമെങ്കിൽ ഇടതുപക്ഷം ജയിക്കണം. കോൺഗ്രസിന് ചെയ്യുന്ന വോട്ടുകൾ പാഴാണ്. മണിപ്പൂർ, ഗോവ അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം ലഭിച്ചിട്ടും ബി.ജെ.പി മന്ത്രിസഭ രൂപീകരിച്ചത് ഇതിന് തെളിവാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രിവരെ കൂറുമാറുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇടതുപക്ഷത്തെ ജനങ്ങൾക്ക് വിശ്വസിക്കാം,​ ഒരിക്കലും കാലുമാറില്ല. അഞ്ചുവർഷം കൊണ്ട് മോദി നാട് നശിപ്പിച്ചു. മോദിയുടെ കൈയിലെ അധികാരം കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയത് പോലെയാണ്. സ്ത്രീകൾ, കുട്ടികൾ, കർഷകർ, ജഡ്ജിമാർ, സാഹിത്യകാരന്മാർ തുടങ്ങി സൈനികരുടെ സുരക്ഷപോലും മോദിയുടെ ഭരണത്തിൽ അപകടത്തിലായി. ബി.ജെ.പി ചെയ്ത പാപത്തിന് മോദി ഗംഗാനദിയിൽ 1000 തവണ കുളിച്ചാൽപോലും മോക്ഷം ലഭിക്കില്ല. വൻകിട കോർപ്പറേറ്റുകളാണ് രാജ്യം ഭരിക്കുന്നത്. വിമാനത്താവളങ്ങൾ അദാനിക്ക് നൽകിയത് ഇതിന് ഏറ്റവും വലിയ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.എം. മണി, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ,​ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, ഇ.എസ്. ബിജിമോൾ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.