തൊടുപുഴ: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ന്യൂമാൻ കോളേജിലെ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വാനനിരീക്ഷണം നടത്തും. ഇന്ന് വൈകിട്ട് ഏഴ് മുതൽ ആരംഭിക്കുന്ന വാന നിരീക്ഷണത്തിന് ജ്യോതിശാസ്ത്രജ്ഞനും ന്യൂമാൻ കോളേജ് അദ്ധ്യാപകനുമായ ഡോ. ജോ ജേക്കബ്ബ്, അദ്ധ്യാപകരായ പ്രൊഫ. ബേബി മാത്യു, സുധീഷ് ടി.പി, തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിലെ ടെലിസ്‌കോപ്പിന്റെ ചുമതലയുള്ള സുമേഷ് എസ് എന്നിവർ നേതൃത്വം നൽകുന്നു. കോളേജിലെ 'D' ബ്ലോക്കിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സെലസ്‌ട്രോൺ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് വാനനിരീക്ഷണം നടത്തുന്നത്. വിവിധ നക്ഷത്രങ്ങളെയും നക്ഷത്ര സമൂഹത്തെയും രാശികളെയും അടുത്തറിയുന്നതിനുള്ള ഒരവസരമാണിത്. ശാസ്ത്രം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ കെ.എസ്.സി.എസ്.ടി.ഇയുമായി സഹകരിച്ച് ന്യൂമാൻ കോളേജിലെ ഫിസിക്സ് വിഭാഗം നടത്തുന്ന ഈ പരിപാടിയിൽ താത്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.