തൊടുപുഴ: ജില്ലയിൽ വൈദ്യുതി പോലുമില്ലാത്ത ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾ പി.എസ്.സി ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണമെന്ന നിബന്ധന പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് ഒരു റിപ്പോർട്ട് മാർച്ച് 22ന് 10.30ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പി.എസ്.സി സെക്രട്ടറി ഹാജരാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ 20 ദിവസം മുമ്പ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്താൽ മാത്രമേ പരീക്ഷയെഴുതാൻ അനുവദിക്കൂവെന്ന പി.എസ്.സിയുടെ നിബന്ധനയ്‌ക്കെതിരെ തൊടുപുഴ മണക്കാട് സ്വദേശി എ.ടി. സോമശേഖരൻപിള്ള നൽകിയ പരാതിയിലാണ് നടപടി. കമ്മിഷൻ പി.എസ്.സിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. പാഴ്‌ചെലവ് ഒഴിവാക്കാനാണ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണമെന്ന നിബന്ധന കൊണ്ടുവന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരീക്ഷയ്ക്ക് 40 ദിവസം മുമ്പ് മുതൽ ഹാൾടിക്കറ്റ് സൈറ്റിൽ നിന്ന് എടുക്കാം. എന്നാൽ ജില്ലയിൽ 48 ട്രൈബൽ കോളനികൾ ഉണ്ടെന്നും ഇവ കാട്ടിലാണെന്നും ഇവിടങ്ങളിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാവില്ലെന്നും പരാതിക്കാരൻ അറിയിച്ചു. കമ്പ്യൂട്ടറും മറ്റ് സാങ്കേതിക സൗകര്യങ്ങളുമില്ലാത്ത നിരവധി പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. സ്വന്തമായി കംപ്യൂട്ടറില്ലാത്ത വീടുകളും നിരവധിയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പി.എസ്.സിയുടെ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കും. പി.എസ്.സിപോലൊരു സ്ഥാപനം ഒരു തീരുമാനമെടുക്കുമ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രായോഗികതയും പരിഗണിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.