ഇടുക്കി: പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് കോടാലി പാറയിൽ മന്ത്രി എ.കെ. ബാലൻ നിർവ്വഹിക്കും. ഗോത്രജീവിക സ്വാശ്രയ സംഘങ്ങൾക്കുള്ള ധനസഹായ വിതരണവും മന്ത്രി നിർവ്വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് സംസാരിക്കും. ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് പഠനം ഉറപ്പ് വരുത്തുന്നതിന് വേണ്ടി പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കോടാലിപാറയിൽ ഹോസ്റ്റൽ നിർമ്മിക്കുന്നത്. ചടങ്ങിൽ സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ പ്രോജക്ട് എൻജിനിയർ ടി.ടി. കുഞ്ഞുമോൻ റിപ്പോർട്ട് അവതരണം നടത്തും. ചടങ്ങിൽ കട്ടപ്പന ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ്ജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സിറിയക് തോമസ്, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുഗഴേന്തി, എന്നിവർ പങ്കെടുക്കും.