പീരുമേട്: തേയില ചെടികൾ പിഴുതുമാറ്റി നിർമ്മിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി ആക്ഷൻ കൗൺസിൽ. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ടാർ മിക്സിംഗ് യൂണിറ്റ് പ്രവർത്തിച്ചാൽ പ്രകൃതിക്കും മനുഷ്യർക്കും ഒരു പോലെ ദോഷകരമാണ്. വ്യവസായത്തിലെ ചുവപ്പ് ഇനത്തിൽ പെട്ടതാണിത്. ജനവാസ മേഖലയിൽ ഒരു കാരണവശാലും ഇത് പ്രവർത്തിപ്പിക്കാൻ പാടില്ല. ജനങ്ങൾ ഒന്നടങ്കം ഇതിനെ എതിർത്ത് തോൽപിക്കണമെന്നും സി.ആർ. നീലകണ്ഠൻ പറഞ്ഞു. കുട്ടിക്കാനത്തെ സ്വകാര്യ തേയില തോട്ടത്തിലെ തേയില ചെടികൾ പിഴുതു മാറ്റിയാണ് പ്ലാന്റ് നിർമ്മാണം നടക്കുന്നത്. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. ദിവസങ്ങൾക്ക് മുമ്പ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് പ്ലാന്റ് നിർമ്മിക്കുന്നിടത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. പള്ളിക്കുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം പ്രകടനം പ്ലാന്റിന് മുന്നിലെത്തിയപ്പോൾ പൊലീസ് പ്രകടനം തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മനോജ് രാജൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത്, ഒ.ജെ അലക്സ്, ലെനു, പി.വി. ജോസഫ്, പ്രവീണ, ബാലകൃഷ്ണൻ, പ്രസാദ്, രതീഷ് എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. പ്ലാന്റിന് മുന്നിൽ കുടിൽ കെട്ടി നിരാഹാര സമരമടക്കം ആരംഭിക്കാന്നുള്ള തയ്യാറെടുപ്പിലാണ് സമരസമിതി.