മറയൂർ: കഴിഞ്ഞ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ചന്ദന തൈല ലേലത്തിൽ ആരും പങ്കെടുക്കാതിരുന്നതിനെ തുടർന്ന് ഒരു കിലോഗ്രാം പോലും വിറ്റഴിച്ചില്ല. കേരളത്തിലെ ഏക പൊതുമേഖല ചന്ദനഫാക്ടറിയായ കെ.എഫ്.ഡി.സിയുടെ മറയൂരിലെ ചന്ദന ഫാക്ടറിയിൽ ഉത്പാദിപ്പിച്ച 35 കിലോഗ്രാം ചന്ദനതൈലമാണ് ലേലത്തിൽ വച്ചത്. രണ്ടാം തവണയാണ് ലേലത്തിൽ ആരും പങ്കെടുക്കാത്തതിനെ തുടർന്ന് കേരള വനം വികസന കോപ്പറേഷൻ പ്രതിസന്ധിയിലാകുന്നത്. ജനുവരി 11ന് ലേലം നടത്തിയിരുന്നെങ്കിലും അന്നും ആരും പങ്കെടുത്തിരുന്നില്ല. ചന്ദനതൈലത്തിന്റെ വില ഇരട്ടിയായി വർദ്ധിച്ചതാണ് ലേലത്തിൽ ആരും പങ്കെടുക്കാതിരിക്കാൻ കാരണമെന്ന് കരുതുന്നു. മുൻ വർഷങ്ങളിൽ രണ്ട് ലക്ഷം രൂപയ്ക്കാണ് ചന്ദന തൈലം വിറ്റഴിച്ചിരുന്നത്. എന്നാൽ അസംസ്‌കൃത വസ്തുവായ ചന്ദന തടിക്കും വേരിനും വില വർദ്ധിച്ചതോടെ തൈലത്തിന്റെ വില നികുതിയടക്കം 4.41 ലക്ഷം രൂപയായി ഉയർത്തിയതാണ് നിരത ദ്രവ്യം അടയ്ക്കാൻ പോലും ആരും തയ്യാറാകാത്തതിന് കാരണം. വനംവകുപ്പ് ചന്ദന തടികളോടൊപ്പം കഴിഞ്ഞ മാസം ലേലത്തിൽ വച്ച ആറ് കിലോ ഗ്രാം ചന്ദന തൈലം വിറ്റഴിച്ചിരുന്നു.