മിന്നലാക്രമണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ
ഇടുക്കി: രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിഗ്രൂപ്പിന് പാട്ടത്തിന് നൽകിയ നടപടി കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി ഇന്നലെ ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പിന് തന്നെ ലഭിച്ചതിൽ അഴിമതിയുണ്ട്. തങ്ങൾ ആഗ്രഹിക്കുന്നവർക്ക് കരാർ ലഭിക്കണമെന്ന ഉദ്ദേശത്തോടെ കേന്ദ്രസർക്കാർ കൃത്രിമം നടത്തിയിട്ടുണ്ടാവണം. തിരുവനന്തപുരം വിമാനത്താവളം കേരളത്തിന് അവകാശപ്പെട്ടതാണ്. അത് ആർക്കും വിട്ടുനൽകാൻ അനുവദിക്കില്ല. കേരളത്തെ പിണക്കിക്കൊണ്ട് സുഗമമായി മുന്നോട്ടുപോകാമെന്ന് അദാനി കരുതേണ്ട. വിമാനം ആകാശത്തുകൂടി പറപ്പിക്കാം, പക്ഷേ തിരുവനന്തപുരത്തെ മണ്ണിലിറങ്ങണമെങ്കിൽ കേരളത്തിന്റെ അനുമതി വേണമെന്ന കാര്യം മറക്കരുത്.
പാക് അധീന കാശ്മീരിലെ തീവ്രവാദി ക്യാമ്പുകളിൽ ഇന്നലെ പുലർച്ചെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നൽ ആക്രമണം യുദ്ധത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമത്തിന്റെ ഭാഗമാണ്. ബി.ജെ.പി ഭയം കൊണ്ട് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. കാശ്മീരികളെ കൂടെ നിറുത്തി വേണം പാക്കിസ്ഥാനെ എതിരിടാനെന്നും കോടിയേരി പറഞ്ഞു.