kodiyeri
സി.പി.എം കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നൽകിയ സ്വീകരണം

നെടുങ്കണ്ടം: യുദ്ധമുണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും രാജ്യത്ത് മുസ്ലിം വിരോധം സൃഷ്ടിച്ച് വർഗീയത വളർത്താനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള സംരക്ഷണ യാത്രയ്ക്ക് എൽ.ഡി.എഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയ ഭീതിമൂലം മോദി സർക്കാർ യുദ്ധ സാഹചര്യം സൃഷ്ടിക്കുകയാണ്. കാശ്മീരി ജനത ഇന്ത്യയ്ക്കാരല്ലെന്ന നിലപാടാണ് അമിത് ഷായ്ക്ക്. മോദിയുടെ കൈയിൽ രാജ്യഭരണം കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയതു പോലെയാണ്. ഒരു ദിവസം നോട്ട് നിരോധിക്കുകയും മറ്റൊരു ദിവസം നികുതി ഘടനയിൽ മാറ്റം വരുത്തുകയും ചെയ്ത് ജനങ്ങളെ ദ്രോഹിക്കുകയാണ്. രാജ്യത്ത് വർഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി- ആർ.എസ്.എസ് ശ്രമം. പെരിയയിലെ ഇരട്ട കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് വൃക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കും. എന്നാൽ കോൺഗ്രസും ബി.ജെ.പിയും ഈ സംഭവത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് നിരവധി കൂട്ടക്കുരുതികൾ നടത്തിയ പാർട്ടികളാണ് ബി.ജെ.പിയും കോൺഗ്രസും. ഇടുക്കിയിൽ എൽ.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണ്. യു.ഡി.എഫിൽ ആരെ നിറുത്തണമെന്നു പോലും അറിയില്ല. പി.ജെ. ജോസഫിന് ധൈര്യമുണ്ടെങ്കിൽ കോട്ടയത്ത് മത്സരിക്കണമെന്നും കോടിയേരി പറഞ്ഞു. സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ പി.കെ. സദാശിവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി എം.എം. മണി, ജോയ്സ് ജോർജ്ജ് എം.പി, ഇ.എസ്. ബിജിമോൾ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, പി.കെ. രാജൻ മാസ്റ്റർ, സതീ ദേവി, ഡോ. വർഗീസ് ബാബു, പി.എൻ. വിജയൻ, സി.കെ. കൃഷ്ണൻകുട്ടി, എം.കെ. ജോസഫ് എന്നിവർ സംസാരിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.