പീരുമേട്: പുതിയ സാമ്പത്തിക വർഷത്തേക്കുള്ള അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു. 57 കോടിയുടെ ബഡ്ജറ്റാണ് ഇത്തവണത്തേത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലിസ് സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷാജി പൈനാടത്താണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 2.25 കോടി,​ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന് 20 ലക്ഷം, ഭവന നിർമ്മാണത്തിന് ഏഴു കോടി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുന്നതിനു മുന്നൊരുക്കമായി പുതിയ കെട്ടിടം പണിയുന്നതിന് ഒരു കോടി. ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പീരുമേട് താലൂക്ക് ആശുപത്രി, വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് ഒരു കോടി രൂപ,​ ആശുപത്രികളിലും ഓഫീസിലും സൗരോർജ പാനൽ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ,​ തൊഴിലുറപ്പ് പദ്ധതിക്ക് 36 കോടി, പ്രധാന മന്ത്രിയുടെ കൃഷി സിഞ്ചായി യോജന പദ്ധതിക്ക് 2.5 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിന് യുവാക്കളെ സജ്ജരാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ആർട്ട് ഓഫ് അഴുത എന്ന പദ്ധതി നടപ്പിലാക്കും. ഇതിനായി 2.5ലക്ഷം രൂപ വകയിരുത്തി. ഓട്ടിസം ബാധിതരുടെ കുടുംബങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനാണ് കരുതൽ പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഹൈജീനിക്ക് ബങ്കുകൾ സ്ഥാപിക്കും. അതിലൂടെ കിട്ടുന്ന വരുമാനം ഓട്ടിസം ബാധിതരുടെ കുടുംബാംഗങ്ങൾക്ക് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 26 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.