അടിമാലി: അടിമാലി പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. എൽ.ഡി.എഫ് പക്ഷത്ത് നിന്ന എം.പി. വർഗീസ് യു.ഡി.എഫ് പാളയത്തിലെത്തിയതോടെയാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്. 21 അംഗ അടിമാലി പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫ്- 10, എൽ.ഡി.എഫ്- ഒമ്പത്, സ്വതന്ത്രർ- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. തുടക്കത്തിൽ ബിനുചോപ്ര യു.ഡി.എഫിന് ഒപ്പമായിരുന്നു. അന്ന് പ്രസിഡന്റായിരുന്ന സ്മിത മുനിസ്വാമിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ബിനുചോപ്ര എൽ.ഡി.എഫിനോപ്പം ചേർന്നു. അവിശ്വാസം ചർച്ചയ്ക്കെടുക്കുന്ന ദിവസം സ്മിത മുനിസ്വാമി പ്രസിഡന്റ് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സ്‌മിത മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ സ്വതന്ത്ര അംഗങ്ങളുടെ നിലപാട് നിർണായകമാകും. മറ്റൊരു സ്വതന്ത്രനായ എം.പി. വർഗീസ് യു.ഡി.എഫ് പാളയത്തിലെത്തിയതോടെ ചോപ്രയുടെ കസേര തെറിയ്ക്കുമെന്നുമന്നുറപ്പായി.
ആകെ കുളമായി ഭരണം
പഞ്ചായത്തിൽ ജീവനക്കാരുടെ നേതൃത്വത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുകയാണെന്ന ആക്ഷേപം ശക്തമാണ്. ബസ് സ്റ്റാൻഡ് കോൺഗ്രീറ്റ് ഉൾപ്പെടെ 18 വർക്കുകളിൽ ഡി.പി.സിയുടെ അംഗീകാരത്തേക്കാൾ കൂടുതൽ തുക മാറിയെടുത്തു. ആട്ടോ സ്റ്റാൻഡ് നിർമ്മാണത്തിന്റെ പേരിൽ തോടിന് മുകളിൽ കോൺക്രീറ്റ് ചെയ്തതിലും കോടതി റോഡിൽ ആട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനത്തിലുമടക്കം പഞ്ചായത്തിന് വൻ ബാധ്യതയുണ്ടായി. ദേവിയാർ പുഴ ശുചീകരണത്തിന്റെ മറവിലും വൻതുകയുടെ ബിൽ മാറിയെടുത്തെന്ന് ആരോപണമുണ്ട്.
ചീഞ്ഞ് നാറുന്നു
മാലിന്യമുക്ത പരിപാടികളിലൂടെ പേരെടുത്ത പഞ്ചായത്തിൽ പലയിടത്തും മാലിന്യം നിറഞ്ഞ് ചീഞ്ഞ് നാറുകയാണ്. ചില പദ്ധതികൾ നടപ്പിലാക്കുക വഴി ലക്ഷങ്ങൾ വിനിയോഗിക്കപ്പെട്ടെങ്കിലും പദ്ധതികളൊന്നും പൂർവ്വസ്ഥിതിയിലായില്ല. ഏറെ കോട്ടിഘോഷിച്ച് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്. സമീപ പഞ്ചായത്തുകളിൽ നിന്ന് പ്ലാസ്റ്റിക്കുകൾ ശേഖരിച്ചെങ്കിലും ഇവയെല്ലാം പഞ്ചായത്തിൽ കുന്നുകൂട്ടി കിടക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല.