അടിമാലി: കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അടിമാലി ശാഖാ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് മകന്റെ ഉപരി പഠനത്തിനായെടുത്ത ലോണിന്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പെരിഞ്ചാംകുട്ടി വരിക്കനാനിക്കൽ ജെയിംസ് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു കെ.എസ്.യു പ്രതിഷേധം. പ്രളയത്തിൽ തകർന്ന ഇടുക്കി ജില്ലയിൽ ബാങ്കുകൾ നടത്തി കൊണ്ടിരിക്കുന്ന ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, സംസ്ഥാന ജന.സെക്രട്ടറി ജോബി ചെമ്മല, ജില്ലാ സെക്രട്ടറി അനിൽ കനകൻ, മുഹമ്മദ് ഈസ, അമൽ ബാബു എന്നിവർ നേതൃത്വം നൽകി. കർഷക ആത്മഹത്യകൾ തുടർക്കഥയായിട്ടും സർക്കാർ ഇടപെടാത്തത് പ്രതിഷേധാർഹമാണെന്ന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.