തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ശാഖാ തലത്തിൽ നടപ്പാക്കുന്ന സംഘടന ശാക്തീകരണ യജ്ഞത്തിന് നാളെ തുടക്കമാകുമെന്ന് കൺവീനർ ഡോ. കെ. സോമൻ അറിയിച്ചു. ശാഖകളുടെയും പോഷക സംഘടനകളുടെയും പ്രവർത്തനം ഊ‌ർജ്ജസ്വലമാക്കുന്നതിനുള്ള പദ്ധതികളും കർമ്മപരിപാടികളുമാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം യൂണിയൻ ഓഫീസിൽ ചേർന്ന ശാഖാ ഭാരവാഹികളുടെ യോഗം ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കി. രവിവാര പാഠശാലകൾ കാര്യക്ഷമമാക്കുക, കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ച് സ്വയം തൊഴിൽ യൂണിറ്റുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തുക, മറ്റ് പോഷക സംഘടനകൾക്ക് നിയതമായ പ്രവർത്തനപരിപാടികൾ ആവിഷ്‌കരിക്കുക എന്നിവയാണ് രണ്ടുമാസത്തെ യജ്ഞത്തിൽ മുഖ്യപരിഗണന നൽകുന്നത്. യൂണിയൻ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ 46 ശാഖകളും പൊതുയോഗം ചേർന്ന് പ്രാദേശിക സാധ്യതകൾകൂടി പരിഗണിച്ചുകൊണ്ടുള്ള പദ്ധതിരേഖ തയ്യാറാക്കുകയാണ് ഇതിന്റെ ആദ്യഘട്ടം. ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയും പങ്കാളിത്തവും ഉറപ്പാക്കുന്ന തരത്തിലാകും പദ്ധതികൾ. ഇവ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രാദേശിക സാങ്കേതിക സഹായം തേടുന്നതിനൊപ്പം വിഭവസമാഹരണവും നടത്തുകയെന്നതാണ് രണ്ടാംഘട്ടം. അംഗങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിന് പ്രമുഖ ധാനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് 100 കുടുംബങ്ങൾക്ക് പശുവളർത്തലിനും കൃഷിക്കും മൈക്രോ ഫൈനാൻസ് വായ്പ ലഭ്യമാക്കും. മാതൃകാപരമായി രവിവാരപാഠശാലകൾ നടത്തുന്ന ശാഖകൾക്ക് മാർച്ച് മാസത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കും. രവിവാരപാഠശാലയിലെ അദ്ധ്യാപകർക്ക് പ്രതിമാസം ഓണറേറിയം നൽകുന്നതിനും പദ്ധതിയുണ്ട്. സ്വയം തൊഴിൽ പദ്ധതികളുമായി ബന്ധപ്പെട്ട് ആവശ്യമുള്ളവർക്ക് യൂണിയൻ തലത്തിൽ പരിശീലനം നൽകും. തൊഴിൽ യൂണിറ്റുകളിലെ ഉത്പന്നങ്ങൾ ശേഖരിച്ച് വിപണനം ചെയ്യുന്നതിന് നിലവിലുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദ്യാഭ്യാസം തുടരാനാവാത്ത വിദ്യാർത്ഥികൾക്ക് എസ്.എൻ. ഹയർസെക്കൻഡറി, ഗുരു ഐ.ടി.ഐ, ഗുരുനാരായണ കോളേജ് എന്നിവിടങ്ങളിൽ അവസരം നൽകും. കുടുംബയൂണിറ്റുകൾ അടിസ്ഥാന ഘടകങ്ങളായി എടുത്തുകൊണ്ടായിരിക്കും ഓരോ സ്ഥലത്തും പ്രവർത്തനം സംഘടിപ്പിക്കുക. 60 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കത്തക്കവിധം യജ്ഞം വിജയിപ്പിക്കാൻ യൂണിയൻ ഓഫീസിൽ ചേർന്ന ശാഖ ഭാരവാഹികളുടെ സംയുക്തയോഗം തീരുമാനിച്ചു. യൂണിയൻ കൺവീനർ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർമാരായ ഷാജി കല്ലാറ, വി.ജയേഷ് എന്നിവർ പ്രസംഗിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അരുൺ, സെക്രട്ടറി അനന്ദു ശിവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.