അടിമാലി: കടബാദ്ധ്യതയെ തുടർന്ന് ഇടുക്കിയിൽ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് രണ്ട് കർഷകർ. ഇതോടെ രണ്ട് മാസത്തിനിടെ ഏഴ് കർഷകരാണ് ജില്ലയിൽ ജീവനൊടുക്കിയത്. കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ വരിക്കാനിക്കൽ ജെയിംസാണ് (52) അവസാനത്തെ ഇര. പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷനിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഭാര്യയെ സഹോദരന്റെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷമാണ് ജീവനൊടുക്കിയത്. 18ന് വിഷം ഉള്ളിൽചെന്ന് ഗുരുതരാവസ്ഥയിലായ അടിമാലി മുക്കാലേക്കർ കുന്നത്ത് സുരേന്ദ്രന് (76) തിങ്കളാഴ്ച വൈകിട്ടോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കൃഷി നശിച്ചതിനെ തുടർന്ന് വിവിധ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമെടുത്ത വായ്പകൾ തിരിച്ചടയ്ക്കാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
ചിന്നാർ ഇരുമലകപ്പു അടിവാരം ഭാഗത്ത് താമസിക്കുന്ന ജെയിംസിന്റെ പ്രധാന കൃഷി കുരുമുളകായിരുന്നു. കൃഷി ചെയ്യാനും മക്കളുടെ പഠനത്തിനുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തിരുന്നു. പ്രളയത്തിലും കീടബാധയിലും കൃഷി തകർന്നതോടെ ലോണുകൾ തിരിച്ചടക്കാനാകാതെ കടക്കെണിയിലായി. ജെയിംസിന്റെ മകളുടെ വിദ്യാഭ്യാസത്തിനായി 2012ൽ രണ്ടര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് പലിശ സഹിതം 4,64,173 രൂപയായി. പാറത്തോട് സഹകരണ ബാങ്കിലടക്കം കുടുംബത്തിന് വലിയൊരു തുക ബാദ്ധ്യതയുണ്ട്. മക്കൾ അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്നതിനാൽ ഭാര്യ ലൗലിയും ജെയിംസും മുരിക്കാശേരിയിലുള്ള വാടകവീട്ടിലായിരുന്നു താമസം. മക്കൾ: എബിറ്റ്, എബിൻ.
സുരേന്ദ്രനും അടിമാലി കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നുൾപ്പെടെ കൃഷി ആവശ്യങ്ങൾക്കായി പണം വായ്പയെടുത്തിരുന്നു. പലിശയുൾപ്പെടെ വലിയൊരു തുക തിരിച്ചടയ്ക്കാൻ ബാങ്കുകളിൽ നിന്ന് ആവശ്യപ്പെട്ടെന്നും കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു. അഞ്ച് പെൺമക്കളും ഒരു മകനുമാണ് സുരേന്ദ്രനുള്ളത്. ഒരേക്കറോളം പുരയിടവും വീടും പണയപ്പെടുത്തിയായിരുന്നു വായ്പയെടുത്തിരുന്നത്. 12 വർഷമായി മറ്റൊരാളുടെ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ പ്രളയത്തിൽ കപ്പയും വാഴയും നശിച്ചതോടെ കൃഷിയിൽ നിന്നുള്ള വരുമാനം നിലച്ചു. നഷ്ടപരിഹാരം ലഭിക്കാതായതോടെ കടുത്ത മാനസിക വിഷമത്തിലായി. പെൺമക്കളുടെ വിവാഹത്തിനായി എടുത്ത വായ്പയും കൃത്യമായി തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. ഭാര്യ: സരോജിനി. മക്കൾ: ജിജി, വിനീത, ഷിജി, സിബി, അനീഷ്, അമ്പിളി.