വണ്ടിപ്പെരിയാർ: ഹർത്താലിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുപ്പുപാലം സ്വദേശി ശെൽവകുമാറാണ് (44) അറസ്റ്റിലായത്. ഹർത്താൽ ദിവസം പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 20 കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. സംഘർഷത്തിലും പൊലീസ് ലാത്തി ചാർജിലും ഒരു എ.എസ്.ഐയ്ക്കും വനിതാ സിവിൽ ഓഫീസർക്കും ഏഴ് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, ഷാജി കുരിശുമൂട്, ആർ. ഗണേശൻ എന്നിവർ ലാത്തി ചാർജിൽ പരിക്കേറ്റു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്തിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനായി ഷാജി പൈനാടത്തിന് മാത്രം ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരിയപ്പൻ, വാളാടി മണ്ഡലം പ്രസിഡന്റ് പി.ടി. വർഗീസ് ബ്ലോക്ക് കമ്മിറ്റി അംഗം ഗണേശൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കനി, വിജയ്, മുനിയാണ്ടി എന്നിവർ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലായിരുന്നെങ്കിലും ഇവർ ഒളിവിലാണ്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജമാൽ,സി.പി.ഒ ശ്രുതി സുകുമാരൻ എന്നിവർക്ക് കോൺഗ്രസ് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വണ്ടിപ്പെരിയാറ്റിൽ നടത്തിയ ഹർത്താലിനിടെയാണ് പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ബലപ്രയോഗം നടത്തിയത്.