കട്ടപ്പന: അയ്യപ്പൻകോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവവും ധ്വജപ്രതിഷ്ഠയും മാർച്ച് മൂന്ന് മുതൽ 10 വരെ വിവിധ പരിപാടികളോടെ നടക്കും. പുനഃപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ക്ഷേത്രസമർപ്പണം മാർച്ച് 10ന് വൈകിട്ട് നാലിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ഉത്സവചടങ്ങുകൾക്ക് കെ.കെ. കുമാരൻ തന്ത്രി, എം.പി. സജീവ് ശാന്തി എന്നിവർ കാർമികത്വം വഹിക്കും. മൂന്നിന് രാവിലെ ഏഴിന് ഗണപതിഹോമം, വൈകിട്ട് ദീപാരാധന, ആചാര്യവരണം തുടങ്ങിയ ചടങ്ങുകൾ നടക്കും. ഉത്സവദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം, അന്നദാനം, വിശേഷാൽ ദീപാരാധന, മുളപൂജ തുടങ്ങിയ പ്രതേയക പൂജകളും വഴിപാടുകളും നടക്കും. മാർച്ച് ഏഴിന് വൈകിട്ട് ഏഴിന് ബിംബംജലാധിവാസം, മണ്ഡപ നമസ്കാരം, താഴികക്കുട പ്രതിഷ്ഠ, കലശപൂജകൾ, എട്ടിന് രാവിലെ 7.04 നും 7.25നും മദ്ധ്യേ ശ്രീസുബ്രഹ്മണ്യദേവതാ പ്രതിഷ്ഠ, ധ്വജപ്രതിഷ്ഠ, ഉപദേവത പ്രതിഷ്ഠ, വൈകിട്ട് 6.30ന് ദീപാരാധന, ഏഴ് മുതൽ കലാപരിപാടികൾ, മാർച്ച് ഒമ്പതിന് വൈകിട്ട് 5.30ന് കിഴക്കേ മാട്ടുക്കട്ട ഗണപതി ക്ഷേത്രത്തിൽ നിന്ന് മഹാഘോഷയാത്ര, രാത്രി 10ന് ഗാനമേള, 10 ന് വൈകിട്ട് നാലിന് ക്ഷേത്രസമർപ്പണം രാത്രി എട്ടിന് ഗാനമേള എന്നിവയാണ് പ്രധാനപരിപാടികൾ. ക്ഷേത്ര സമർപ്പണസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ക്ഷേത്രം തന്ത്രി കെ.കെ. കുമാരൻ, ക്ഷേത്രശില്പി കെ.കെ. ശിവൻ, യോഗം ബോർഡ് മെമ്പർ ഷാജി പുള്ളോലി എന്നിവർ പങ്കെടുക്കും.