nijamudheen
പിടിയിലായ നിജാമുദീൻ.

രാജാക്കാട്: ബൈക്കിൽ വിൽപ്പനയ്ക്ക് കൊണ്ടുവരികയായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ പൊലീസ് പിടികൂടി. നെടുങ്കണ്ടം തേർഡ്ക്യാമ്പിൽ താമസക്കാരനായ ചുങ്കപ്പാറ നിജാമുദീനാണ് (34) രാജാക്കാട് എസ്.ഐ പി.ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. കമ്പംമെട്ട് വഴി ബൈക്കിൽ രാജാക്കാട് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് നിജാമുദീനെന്ന് മനസിലായതിനെ തുടർന്ന് ഏതാനും നാളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവുമായി അടുത്ത ദിവസം ഇയാൾ രാജാക്കാട് എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന കർശനമാക്കിയിരുന്നു. ഇന്നലെ മാങ്ങാതൊട്ടി റൂട്ടിൽ പരിശോധന നടത്തുന്നതിനിടെ ഇയാൾ ബൈക്കിലെത്തുകയും പിടിയിലാകുകയുമായിരുന്നു. വിശദമായ പരിശോധനയിൽ വാഹനത്തിന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇടുക്കി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ സജി എൻപോൾ, സി.വി. ഉലഹന്നാൻ, രമേശ്, ജിനു, ജോഷി, മഹേഷ്, എ.എസ്.ഐ ഷാജി, ബിനു എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.