ചെറുതോണി: കർഷക കണ്ണീരിൽ എൽ.ഡി.എഫ് സർക്കാർ ഒലിച്ചുപോകുമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. കർഷകരുടെ കടങ്ങൾ എഴുതിതള്ളുക, കർഷക ആത്മഹത്യകൾ തടയുക, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് അർഹതപ്പെട്ട സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കളക്‌ട്രേറ്റിലേയ്ക്ക് കേരള കോൺഗ്രസ് (ജേക്കബ്) നടത്തിയ കർഷക മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുൾപ്പെട്ട ഉദ്യോഗസ്ഥ സംഘം ആത്മഹത്യചെയ്ത കർഷകരുടെ വീടുകളിലെത്തി പഠനം നടത്തി ആവശ്യമായ സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷത വഹിച്ചു. ഷാജി അമ്പാട്ട്, ബിനു ജോൺ, ബേബി താന്നിക്കൽ, ടോമി മൂഴിക്കുഴിയിൽ, സന്തോഷ് കുറിച്ചിയിൽ, റോയി കുര്യൻ, ജിൻസ് ജോർജ്, സാബു മുതിരക്കാല എന്നിവർ പ്രസംഗിച്ചു.