അടിമാലി: ട്രഷറി നിയന്ത്രണം പിൻവലിക്കുക, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.എസ്.ജി.ഡി കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് അടിമാലി സബ്ട്രഷറിക്ക് മുമ്പിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ ഉദ്ഘാടനം ചെയ്യും. യഥാസമയം ട്രഷറികളിൽ നിന്ന് ബില്ല് മാറി പണം ലഭിക്കുന്നില്ലെന്നാരോപിച്ച് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി ദേവികുളം സബ്ട്രഷറിക്ക് മുമ്പിൽ സമരം നടത്തിയതിന് പിന്നാലെയാണ് എൽ.എസ്.ജി.ഡി കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് അടിമാലി സബ്ട്രഷറിക്ക് മുമ്പിലും സമരം നടത്തുന്നത്. അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് എ.എൻ. സജികുമാർ, സെക്രട്ടറി റോയി പാലക്കൻ, ട്രഷറർ സുരേഷ് പാനിപ്ര എന്നിവർ പങ്കെടുത്തു.