അടിമാലി: ജില്ലയിൽ തുടർച്ചയായുണ്ടാകുന്ന കർഷക ആത്മഹത്യകൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. കർഷക ആത്മഹത്യകളുടെ കാര്യത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കർഷകരുടെ ശവപറമ്പിലൂടെയാണ് ഘോഷയാത്ര നടത്തിയതെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമരത്തിന്റെ ആദ്യഘട്ടമെന്നവണ്ണം മാർച്ച് അഞ്ചിന് ഇടുക്കിയിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് മുമ്പിലും കൂട്ടധർണ്ണ നടത്തും. ആത്മഹത്യ ചെയ്ത കർഷക കുടുംബങ്ങൾ സന്ദർശിക്കാൻ ജില്ലയിലെ മന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികൾ തയ്യാറാകണം. ഓരോ കുടുംബത്തിനും അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കണം. ജനപ്രതിനിധികൾ ആത്മഹത്യ ചെയ്ത കർഷക കുടുംബങ്ങളെ സന്ദർശിക്കാത്തത് കർഷക രോഷം ഭയന്നാണ്. ഇനിയും സർക്കാർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറ‌ഞ്ഞു.