ഇടുക്കി: കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ജോയ്‌സ് ജോർജ് എം.പിയോട് മാർച്ച് ഏഴിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സബ് കളക്ടർ നോട്ടീസ് നൽകി. ജനുവരി 10ന് രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും എം.പി ഹൈക്കോടതിയെ സമീപിച്ച് ഒരു മാസത്തെ കാലതാമസം വാങ്ങിയിരുന്നു. സ്റ്റേ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ നടപടി. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിൽ ജോയിസ് ജോർജും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടയം ഒരു വർഷം മുമ്പ് സബ്‌കളക്ടർ വി.ആർ. പ്രേംകുമാർ റദ്ദാക്കിയിരുന്നു. രേഖകൾ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇതേക്കുറിച്ച് എം.പിയുടെ പരാതി പരിശോധിച്ച ജില്ലാകളക്ടർ സബ് കളക്ടറുടെ നടപടി മരവിപ്പിച്ചു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പട്ടയം റദ്ദാക്കിയതെന്ന് വിലയിരുത്തിയ കളക്ടർ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് തുടക്കം മുതലുള്ള എല്ലാ രേഖകളും പരിശോധിക്കാൻ ഉത്തരവിട്ടു. തുടർന്ന് കഴിഞ്ഞ ജൂലായിൽ പട്ടയ രേഖകൾ ഹാജരാക്കാൻ സബ്‌കളക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ജോയ്‌സ് ജോർജ് ലാൻഡ് റവന്യൂ കമ്മീഷണറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കമ്മീഷണർ അപേക്ഷ നിരസിച്ചതോടെ രേഖകളുമായി ജനുവരി 10ന് ഹാജരാകാൻ പുതിയ സബ് കളക്ടർ രേണു രാജ് നിർദ്ദേശിച്ചപ്പോഴാണ് ജോയിസ് ജോർജ് ഹൈക്കോടതിയെ സമീപിച്ച് ഒരു മാസത്തെ സാവകാശം നേടിയത്.