തൊടുപുഴ: നഗരസഭയിൽ പാർപ്പിടമില്ലാത്ത മുഴുവൻ പേർക്കും പാർപ്പിടം നിർമ്മിച്ച് നൽകുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കും സമ്പൂർണ ശുചിത്വ നഗരമാക്കി തൊടുപുഴയെ മാറ്റുന്നതിനും ശാസ്ത്രീയ അറവ് ശാല നിർമ്മിച്ച് സംരക്ഷിക്കുന്നതിനും മുൻഗണന നൽകിയുള്ള 2019- 20ലെ ബഡ്ജറ്റ് നഗരസഭാ വൈസ് ചെയർമാൻ സി.കെ. ജാഫർ അവതരിപ്പിച്ചു. 91,62,19200 രൂപ വരവും 90,94,99100 രൂപ ചെലവും 6,72,0100 രൂപ നീക്കിയിരിപ്പുമുള്ള സമഗ്രമായ ബഡ്ജറ്റാണ് ഇന്നലെ നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. സമഗ്ര പാർപ്പിട നിർമ്മാണ പദ്ധതിയിൽ പെടുത്തി സ്ഥലമുള്ള മുഴുവൻ കടുംബങ്ങൾക്കും വീട് നിർമ്മിച്ച് നൽകുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ജാഫർ പറഞ്ഞു. സ്വന്തമായി സ്ഥലമുള്ള 808 ഭവന രഹിതരെ കണ്ടെത്തുകയും 615 ഭവനങ്ങളുടെ നിർമ്മാണമാരംഭിക്കുകയും 310 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ആധുനിക കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം പുരോഗമിച്ച് വരുന്നു. നഗരസഭയിൽ നിന്നുള്ള സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഓൺലൈൻ സേവന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 35 വാർഡുകളിലും വിവിധ റോഡുകളുടെ നവീകരണം നടപ്പാക്കി. ബഡ്ജറ്റ് ചർച്ച നാളെ രാവിലെ 10ന് ആരംഭിക്കും.
പ്രധാന ബഡ്ജറ്റ് നിർദ്ദേശങ്ങൾ
ഗാന്ധി സ്‌ക്വയറിന് സമീപം ടൗൺ ഹാൾ പുനർനിർമ്മാണത്തിന് 10 കോടി രൂപ
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 7.33 കോടി രൂപ
ശാസ്ത്രീയ അറവ് ശാല നിർമ്മിക്കുന്നതിന് ഏഴ് കോടി രൂപ വകയിരുത്തി
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിരിക്കുന്ന സ്ഥലത്ത് നഗരസഭാ ഓഫീസ് നിർമ്മിക്കാൻ 3 കോടി 10 ലക്ഷം
പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് ലോകബാങ്കിന്റെ സഹായത്തോടെ 1. 85 കോടി രൂപ
പഴയ സ്റ്റാൻഡിൽ നിന്ന് പാർക്കിലേക്ക് തൂക്കു പാലം നിർമ്മിക്കാൻ 1.25 കോടി
നഗരത്തിലെ വിവിധ സ്കൂളുകൾക്ക് 1 കോടി 33 ലക്ഷം രൂപ
നഗരസഭാ കെട്ടിടത്തിൽ സോളാർ പാനൽ സ്ഥാപിക്കാൻ ഒരു കോടി രൂപ
ആധുനിക ലൈബ്രറിയുടെ നിർമ്മാണത്തിന് 40 ലക്ഷം രൂപ
മങ്ങാട്ട് കവല നാലുവരിപ്പാതയിൽ ഡിവൈഡറിൽ സോളാർ ലൈറ്റ് സ്ഥാപിക്കാൻ 40 ലക്ഷം രൂപ
ഐ.സി കോളേജിന് സമീപം ലോഡ്ജ്- പാസഞ്ചേഴ്‌സ് ഇൻ- 35 ലക്ഷം രൂപ
കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കി ഷോപ്പിംഗ് കോംപ്ലക്‌സ് കം ഓഫീസ് നിർമ്മിക്കാൻ 35 ലക്ഷം
നാൽക്കവലകളിൽ പൂന്തോട്ടങ്ങളും ഫാൻസി ലൈറ്റുകളും സ്ഥാപിക്കാൻ 35 ലക്ഷം രൂപ
എല്ലാ വെയിറ്റിംഗ് ഷെഡ്ഡുകളിലും പൊതു സ്ഥലങ്ങളിലും തണുത്ത കുടിവെള്ളം ലഭ്യമാകുന്ന ഉറവ് പദ്ധതി നടപ്പിലാക്കാൻ 10 ലക്ഷം രൂപ
വെങ്ങല്ലൂർ ജംഗ്ഷനിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ
നഗരസഭയിലെ 14000 വീടുകളിൽ അടുക്കളതോട്ടം നിർമ്മിക്കാൻ 10 ലക്ഷം രൂപ
ടൂറിസം വികസനത്തിന്
പ്രധാന ടൂറിസം മേഖലകളെ ബന്ധിപ്പിച്ച് കൺക്ടഡ് ടൂർ പരിപാടി നടത്തും. പുഴയിൽ ബോട്ടിംഗ് സൗകര്യമേർപ്പെടുത്തും. ഉറവപ്പാറയിലേക്ക് റോപ്പ് വേ നിർമ്മിച്ച് നഗരത്തിന്റെ ആകാശ വീക്ഷണം സാധ്യമാക്കും.
മാലിന്യസംസ്കരണത്തിന്
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ നഗരമാക്കി തൊടുപുഴയെ മാറ്റാൻ ഉറവിട മാലിന്യ സംസ്‌കരണം എല്ലാ വീടുകളിലും ഉറപ്പാക്കും. ഓടകളുടെ വിപുലീകരണം ശാസ്ത്രീയമാക്കും. മലിന ജലം പുഴയിലെത്തുന്നില്ലെന്ന് ഉറപ്പ് വരുത്തും. റോഡിലെ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കും. പുഴ മലിനീകരണം ശാശ്വതമായി തടയാനും ജലം ശുദ്ധമായി നിലനിർത്താനും 1 കോടി രൂപയുടെ വിപുലമായ പദ്ധതി നടപ്പാക്കും. പൊതു സ്ഥലങ്ങളിൽ ഫ്ളക്‌സ് ബോർഡുകൾ പൂർണമായും നിരോധിക്കും.
കുടിവെള്ളത്തിന്
എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന് പദ്ധതികൾ ഡി.പി.ആറിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കും. തൊടുപുഴയിലെ വിവിധ പ്രദേശങ്ങളിൽ ആറ് ടാങ്കുകൾ സ്ഥാപിച്ച് അതതു പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.