തൊടുപുഴ: നഗരസഭാ ബഡ്ജറ്റിൽ പുതിയ നിർദേശങ്ങൾ മുന്നോട്ടു വെയ്ക്കുമ്പോഴും പഴയ തീരുമാനങ്ങൾ ഇനിയും നടപ്പാക്കാൻ യു.ഡി.എഫ് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ രാജീവ് പുഷ്പാംഗദൻ പറഞ്ഞു. ഈ വർഷത്തെ ബഡ്ജറ്റും മുൻവർഷത്തെ ബഡ്ജറ്റുകളുടെ തനിയാവർത്തനം മാത്രമാണെന്നാണ് ഒറ്റനോട്ടത്തിൽ മനസിലാവുന്നത്. നഗരസഭയുടെ സാമ്പത്തിക വരുമാനവും തനത് വരുമാനവും വർദ്ധിപ്പിക്കാൻ ഉതകുന്ന പദ്ധതികളൊന്നും നടപ്പാക്കാൻ ഇതുവരെ യു.ഡി.എഫ് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കാലഘട്ടങ്ങളിൽ വരുമാന വർദ്ധനവിന് ആസൂത്രണം ചെയ്ത പദ്ധതികളും എവിടെ എത്തിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.