തൊടുപുഴ: തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി ആന്റ് നഴ്സറി സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർതൃ സംഗമവും യാത്രയയപ്പ് സമ്മേളനവും ഇന്ന് രാവിലെ 10 ന് നടക്കും. രാവിലെ 10 ന് നടക്കുന്ന കിഡ്സ് ഫെസ്റ്റ് സ്കൂൾ മാനേജർ ഫാ. ഡോ. ജിയോ തടിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ എസ്.എസ്.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജയ്സൺ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസാ റോസ് റിപ്പോർട്ട് അവതരിപ്പിക്കും. ഫാ. വർഗീസ് പാറമേൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. ഉച്ചയ്ക്ക് 1.30ന് സർഗോത്സവം നടക്കും. ഫാ. വർഗീസ് പാറമേൽ അദ്ധ്യക്ഷത വഹിക്കും. സിനി ആർട്ടിസ്റ്റ് ബിബിൻ പെരുമ്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് പൊതുസമ്മേളനവും യാത്രയയപ്പ് സമ്മേളനവും നടക്കും. മാനേജർ ഫാ. ജിയോ തടിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഡോ. വി. സനൽകുമാർ ഉദ്ഘാടനം ചെയ്യും. ഫാ.സ്റ്റാൻലി കുന്നേൽ ഉപഹാര വിതരണവും യാത്രയയപ്പ് സന്ദേശവും നൽകും. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി മുഖ്യപ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ സുമാമോൾ സ്റ്റീഫൻ പ്രതിഭകളെ ആദരിക്കും. തൊടുപുഴ എ.ഇ.ഒ വിനോദ് കുമാർ എൻഡോവ്മെന്റ് വിതരണം ചെയ്യും. വൈകിട്ട് 5.30 ന് കലാസന്ധ്യ നടക്കും.
കാഞ്ഞാർ ശിവരാത്രി
കാഞ്ഞാർ: കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശിവരാത്രി മാർച്ച് രണ്ട് മുതൽ എട്ട് വരെ നടക്കും. ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രികൾ, കെ.എം മഹേഷ്, ക്ഷേത്രം മേൽശാന്തി പി.കെ ജനാർദ്ദനൻ ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രണ്ടിന് രാവിലെ പള്ളിയുണർത്തൽ, നടതുറക്കൽ, നിർമ്മാല്യദർശനം, ആറിന് ഉഷപൂജ, 6.30 ന് ഗണപതി ഹോമം, എട്ടിന് പന്തീരടി പൂജ, 8.30 ന് ചതുശുദ്ധി, ധാര, പഞ്ചഗം, പഞ്ചഗവ്യം, 10 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, 6.45 നും 7.15 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തൃക്കൊടിയേറ്ര്, 7.30 ന് മുളയിടീൽ, കലവറ നിറയ്ക്കൽ, 7.45ന് അത്താഴപൂജ, എട്ടിന് കൊടിയേറ്റ് സദ്യ, മൂന്നിന് രാവിലെ പതിവ് പൂജകൾ, ഏഴിന് മുളപൂജ, എട്ടിന് പന്തീരടി പൂജ, ഒമ്പതിന് കലശാഭിഷേകം, 11ന് സർപ്പദൈവങ്ങൾക്ക് വിശേഷാൽ പൂജ, 12.30 ന് പ്രസാദ ഊട്ട്, മൂന്നാം തിരുവുത്സവം മഹാശിവരാത്രി, നാലിന് രാവിലെ പതിവ് പൂജകൾ, 7.30 ന് കാഴ്ചശ്രീബലി, 8.30 ന് ഇളനീർ ഘോഷയാത്ര, 11 ന് ഇളനീർ അഭിഷേകം, നവകം, പഞ്ചഗവ്യം, കലശാഭിഷേകങ്ങൾ, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ, എട്ടിന് മഹാശിവരാത്രി ഊട്ട്, ഏഴ് മുതൽ ഭജന, ഒമ്പത് മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, തിരുവാതിര, തുടർന്ന് ഡാൻസ്, രാത്രി 11 മുതൽ ഗാനമേള, അഞ്ചിന് തിരുവുത്സവം. രാവിലെ പതിവ് പൂജകൾ, ബലിതർപ്പണം പുലർച്ചെ അഞ്ച് മുതൽ ക്ഷേത്രക്കടവിൽ നടക്കും. 10 ന് ഉച്ചപൂജ, തുടർന്ന് പിതൃനമസ്കാര ചടങ്ങുകൾ, തിലഹവനം, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, 7.30 ന് അത്താഴപൂജ, ആറിന് രാവിലെ പതിവ് പൂജകൾ, എട്ടിന് വാഹനപൂജ, തുടർന്ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ, ഏഴിന് രാവിലെ പതിവ് പൂജകൾ, 10 ന് ഉച്ചപൂജ, തുടർന്ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്, ഉച്ചകഴിഞ്ഞ് മൂന്നിന് കാഴ്ചശ്രീബലി, 3.40 ന് ഹിഡുംബൻ പൂജ, അഞ്ചിന് താലമൊരുക്കൽ, ആറിന് കാവടി ഘോഷയാത്ര, തുടർന്ന് പ്രസാദ ഊട്ട്, എട്ടിന് അത്താഴപൂജ, രാത്രി 10 മുതൽ ഗാനമേള ആന്റ് മെഗാഷോ 10.30 ന് പള്ളിവേട്ട പുറപ്പാട്, എട്ടിന് പ്രതിഷ്‌ഠാദിനം. രാവിലെ പതിവ് പൂജകൾ, 8.30 ന് കാവടി അഭിഷേകം, 10 ന് ഉച്ചപൂജ, വൈകിട്ട് 6 ന് ആറാട്ട് പുറപ്പാട്, ആറാട്ട്, ആറാട്ടുസദ്യ എന്നിവ നടക്കും.
വിലവിവര പട്ടിക പ്രദർശിപ്പിക്കണം
തൊടുപുഴ: തൊടുപുഴ താലൂക്കിലെ ഹോട്ടൽ പലചരക്ക് കടകളും, പഴം പച്ചക്കറി ഉൾപ്പെടെയുള്ള എല്ലാ ചില്ലറ മൊത്ത വ്യാപാര ശാലകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് താലൂക്ക് സപ്ളൈ ഓഫീസർ അറിയിച്ചു.
തിരഞ്ഞെടുത്തു
തൊടുപുഴ: 2018- 19 ജൈവവൈവിധ്യ ഉദ്യാനം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ സ്കൂളുകളിൽ നിന്നും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നൽകി ജി.എൽ.പി.എസ് കഞ്ഞിക്കുഴി, ജി.യു.പി.എസ് നെടുമറ്റം, ന്യൂമാൻ എൽ.പി.എസ് ഇടുക്കി എന്നീ സ്കൂളുകളെ ജില്ലാതലത്തിൽ തിരഞ്ഞെടുത്തു.
സി.പി.ഐയിൽ ചേർന്നു
തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ കറുക പ്രദേശത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം മേഖലാ ജോയിന്റ് സെക്രട്ടറിയും കർഷകതൊഴിലാളി യൂണിയൻ മേഖലാ കമ്മിറ്റി അംഗവുമായ ആളുകൾ ഉൾപ്പെടെ സി.പി.എമ്മിൽ നിന്നും രാജിവച്ച് സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. തോമസ് മാത്യു പടിഞ്ഞാറയിൽ കറുക, ജാസ്മിൻ തോമസ് പടിഞ്ഞാറയിൽ, സലിം പി.എച്ച് പടിഞ്ഞാറേവീട്ടിൽ, സിദ്ദിഖ് പി.എം പാറയ്ക്കൽ, റോബിൻ പുലിയാക്കാട്ടിൽ, സനി റോബിൻ പുലിയാക്കാട്ടിൽ, അഖിൽ ടി.കെ തൊട്ടിപ്പറമ്പിൽ, സഫിയ സിദ്ദിഖ് പാറയ്ക്കൽ എന്നിവരാണ് സി.പി.ഐയിൽ ചേർന്നത്.
സ്വീകരണം നൽകി
തൊടുപുഴ: ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട മണക്കാട് പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾക്ക് ജെ.സി.ഐ അരിക്കുഴയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.