തൊുപുഴ: ജില്ലയിലെ കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (എം)​ ജില്ലാ പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിലവിലുള്ള വായ്പകൾ 10 വർഷത്തേക്ക് പലിശരഹിതമായി മരവിപ്പിക്കണമെന്നും അദേഹം പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് കേരളാ കോൺഗ്രസ് എം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വായ്പകൾ തിരിച്ചടയ്ക്കുവാൻ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തി നടപടികളേത്തുടർന്ന് കർഷകർ ആത്മഹത്യ ചെയ്യുന്നത് സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ബാങ്കുകൾ വെല്ലുവിളിക്കുന്നതിന്റെ ഫലമാണെന്നും അദേഹം പറഞ്ഞു. പ്രളയത്തെത്തുടർന്ന് ഭൂമിയും വീടും നഷ്ടപ്പെട്ട കർഷകർക്ക് കൃഷികൾ പുനരാരംഭിക്കുന്നതിനായി പലിശരഹിത ദീർഘകാല വായ്പകൾ നൽകുന്നതിന് ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകി ഉത്തരവിറക്കണമെന്നും ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.