മറയൂർ: കേരളത്തിലെ ശീതകാല പച്ചക്കറി കലവറയായ കാന്തല്ലൂരിൽ കാബേജിൽ കീടബാധ. ഡയമണ്ട് ബ്ലാക്ക് മോത്ത് (പ്ലുട്ടെല്ല സൈലോസ്റ്റെല്ല) കീടബാധയാണ് കണ്ടെത്തിയത്. വേനൽ കാലം ആരംഭിച്ചപ്പോൾ കീടബാധ ആരംഭിച്ചത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഡയമണ്ട് ബ്ലാക്ക് മോത്ത് എന്ന ശലഭങ്ങൾക്ക് മങ്ങിയ തവിട്ടു നിറമാണുള്ളത്. ചെറുപുഴുക്കൾ ഇലകളിൽ ചെറിയ മഞ്ഞ നിറത്തിലുള്ള പുള്ളികുത്തുകൾ ഉണ്ടാക്കും. ഇവ ഇലകളുടെ മുകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നതിനാൽ ഇലകളിൽ വലിയ വെളുത്തപ്പാടുകൾ കാണും. വളർച്ച എത്തിയ പുഴുക്കൾ വലിയ ഇലകൾ തിന്നു നശിപ്പിക്കുന്നതിനാൽ ഇലകളിൽ നിറയെ തുളകൾ ഉണ്ടാകുന്നു.
തിരിച്ചറിയുന്ന വിധം
മഞ്ഞ നിറത്തിലുള്ള ചെറിയ മുട്ടകൾ ഇലകളുടെ മുകൾ ഭാഗത്ത് സുതാര്യമായി കൊക്കൂൺ കാണും. ഇവ ശലഭമായി രൂപാന്തരപ്പെടും.
നിയന്ത്രണമാർഗങ്ങൾ
വിളവെടുപ്പിനു ശേഷം കൃഷിയിടത്തിൽ ശേഷിക്കുന്ന അവശിഷ്ടങ്ങൾ ദൂരെ മാറ്റി നശിപ്പിക്കണം. കൃഷിയിടങ്ങളിൽ വിള പരിക്രമണം വളരെ പ്രധാനമാണ്. ബീൻസ്, പട്ടാണി തുടങ്ങിയവ കാബേജ് കൃഷി ചെയ്ത സ്ഥലത്ത് മാറി മാറി കൃഷി ചെയ്യുക. കൂടാതെ പരിസ്ഥിതി സൗഹാർദ്ദ രീതിയിൽ കെണിവിളകൾ കൃഷി ചെയ്ത് കീടത്തെ നിയന്ത്രിക്കാം. 2:1 എന്ന നിലയിൽ കാബേജ്: കടുക് എന്ന അനുപാതത്തിൽ നിരകളായി കടുക് കെണിവിളയായി കൃഷി ചെയ്യാം. ഡൈക്ലോറോവോസ് കീടനാശിനി, വേപ്പിൻ കുരു സത്ത് എന്നിവ തളിക്കണമെന്ന് കാന്തല്ലൂർ കൃഷി ഓഫീസർ എം.ഗോവിന്ദ രാജ് പറഞ്ഞു.