ankamuthu
പരിക്കേറ്റ അങ്കമുത്തു

രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം എസ്. വളവിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയ്ക്ക് പരിക്കേറ്റു. ആനയിറങ്കൽ ശങ്കരപാണ്ടിമെട്ടിൽ താമസക്കാരനായ തമിഴ്നാട് സ്വദേശി അങ്കമുത്തുവിനാണ് (50) തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റത്. തോളെല്ല് പൊട്ടിയ ഇയാളെ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ എസ് വളവ് ഭാഗത്തെ ഏലത്തോട്ടത്തിൽ ഏലത്തിന് മണ്ണിടുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ഇക്കാര്യം അറിയാതെ ജോലി തുടരുകയായിരുന്ന ഇയാളെ ഒരു പിടിയാന അടിച്ച് വീഴ്ത്തി. തോൾഭാഗത്ത് അടിയേറ്റ അങ്കമുത്തു സമീപത്തെ തോട്ടിലേയ്ക്ക് മറിഞ്ഞു വീണു. ആനയുടെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞതിനാൽ രക്ഷപ്പെടുകയുമായിരുന്നു. ആനക്കൂട്ടത്തെ പിന്തുടർന്നിരുന്ന വനംവകുപ്പ് വാച്ചർമാർ ബഹളം വച്ചതോടെ ആന ഹൈവേ മുറിച്ചുകടന്ന് എതിർവശത്തേയ്ക്ക് പോയി. തുടർന്ന് ഇയാളെ എടുത്ത് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോളെല്ലിന് പൊട്ടൽ സംഭവിച്ചതായി മനസിലായതിനാൽ തേനി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. കാലിന് സ്വാധീനക്കുറവുള്ളയാളാണ് അങ്കമുത്തു.

പരിക്കേറ്റയാൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശകാരം

സംഭവമറിഞ്ഞ് ആശുപത്രിയിൽ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിക്കേറ്റയാളെ സമാധാനിപ്പിക്കുന്നതിനു പകരം ആനയുള്ള കാട്ടിൽ എന്തിനാണ് ജോലിക്കു പോയതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. എന്നാൽ ഇക്കാര്യം ഉദ്യോഗസ്ഥർ നിഷേധിച്ചു. ബുധനാഴ്ച വൈകിട്ട് മുതൽ ആനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. ഇക്കാര്യം എസ്.എം.എസ് അലർട്ട് മുഖേന നാട്ടുകാരെ അറിയിച്ചിരുന്നു. ഇതിനുപുറമെ വാച്ചർമാരുടെ സംഘം ആനക്കൂട്ടത്തെ പിൻതുടരുകയും തോട്ടം പണിക്കാർക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ആനക്കൂട്ടം ഇറങ്ങിയത് അറിഞ്ഞിട്ടും കാലിന് സ്വാധീനക്കുറവുള്ള അങ്കമുത്തു തനിച്ച് ജോലിക്ക് എത്തിയത് എന്തിനാണെന്ന് തിരക്കുക മാത്രമാണ് ചെയ്തതെന്ന് ബോഡിമെട്ട് ഫോറസ്റ്റർ ദിലീപ് ഖാൻ പറഞ്ഞു.