കാഞ്ഞാർ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3.30ന് കാഞ്ഞാർ കൂര വളവിലാണ് അപകടം. മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികളും മേലുകാവ് സ്വദേശികളുമായ അർജുൻ, അമൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾ തൊടുപുഴ ഭാഗത്തേക്ക് വരവേ കാഞ്ഞാർ കൂര വളവിലെ വെള്ളം ഒഴുകുന്ന ചപ്പാത്തിൽ എത്തിയപ്പോൾ ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിൽ നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷയിലും അതിന് ശേഷം തൊട്ടടുത്ത മതിലിലും ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. സാരമായി പരിക്ക് പറ്റിയ വിദ്യാർത്ഥികളെ പ്രദേശവാസികൾ മൂലമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ബൈക്കിനും ആട്ടോറിക്ഷയ്ക്കും സാരമായ കേടുപറ്റി . കോളേജ് വിദ്യാർത്ഥികൾ ഇത് വഴി രാവിലെയും വൈകിട്ടും അതിവേഗതയിലാണ് ബൈക്കിൽ സഞ്ചരിക്കുന്നത്. നിരവധി തവണ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ട് പരിക്കേറ്റിട്ടുമുണ്ട്.