പീരുമേട്: വഴികാട്ടി ചതിച്ചതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ടോറസ് ഉടമയ്ക്ക് ചെലവായത് 40,​000 രൂപ. ആന്ധ്രാപ്രദേശിൽ നിന്ന് അരിയുമായെത്തിയ ടോറസ് ലോറി ഡ്രൈവറാണ് വഴി ചോദിച്ചത് മൂലം റോഡിൽ പെട്ട് പോയത്. ഉപ്പുതറയിലെ മൊത്തവ്യാപാരിക്ക് വേണ്ടിയുള്ള അരിയുമായി എത്തിയതായിരുന്നു ലോറി. കുമളി കടന്ന് പഴയ പാമ്പനാറിൽ എത്തിയ ശേഷം സംശയം തീർക്കാൻ ഡ്രൈവർ വഴിയോരത്ത് നിന്ന ആളോട് എലപ്പാറയ്ക്കുള്ള വഴി അന്വേഷിച്ചതാണ് കെണിയായത്. താനും അതേ വഴിക്കാണെന്നും എളുപ്പവഴി കാട്ടി തരാമെന്നും പറഞ്ഞ് അയാളും ലോറിയിൽ കയറി യാത്ര തുടരുകയായിരുന്നു. കുട്ടിക്കാനം വഴിയുള്ള പ്രധാന പാതയ്ക്ക് പകരം തേയില തോട്ടം വഴിയുള്ള ഇടുങ്ങിയ വഴിയാണ് ഇയാൾ നിർദ്ദേശിച്ചത്. റോഡിനെ കുറിച്ച് ധാരണയില്ലാതെ ഡ്രൈവർ വാഹനമോടിച്ചു തുടങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ കൊടും വളവോട് കൂടിയ കുത്തുകയറ്റത്തിൽ ലോറി നിന്നു പോയി. അരിയുടെ ഭാരം കാരണം പിന്നിലേക്ക് ഉരുണ്ട ലോറിയുടെ പിൻ ഭാഗം റോഡിലെ ടാറിംഗിൽ ഉടക്കി നിന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. പൊലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്തെത്തി ലോറി മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ വഴികാട്ടി തരാമെന്നു പറഞ്ഞ് ഒപ്പം കൂടിയ ആൾ സ്ഥലം വിട്ടു. അരി ലോറിയിൽ നിന്ന് മാറ്റിയ ശേഷം ക്രെയിൻ സംവിധാനം ഉപയോഗിച്ചാണ് ലോറി മാറ്റിയത്. രണ്ടു ലോറികളിലായി അരി കയറ്റി വിട്ടതിനും ക്രെയിൻ സംവിധാനം ഉപയോഗിച്ചതിനും 40,​000 രൂപ ചിലവായി. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഗതാഗത തടസം നീങ്ങിയത്.