flag

കാസർകോട്: മലബാർ മേഖലയിലെ ഒരു പ്രമുഖ ഇടതു നേതാവ് നാലുമാസമായി എവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അണികൾ. പൊതുവേദികളിലോ സ്വകാര്യ ചടങ്ങുകളിലോപോലും മുൻ ജനപ്രതിനിധിയും സഹകാരിയുമായ നേതാവിനെ കാണാത്തതാണ് അണികൾക്കിടയിൽ ചർച്ചയാവുന്നത്. എന്നാൽ, അസുഖബാധിതനായി അദ്ദേഹം വിദേശത്ത് ചികിത്സയിലാണെന്ന ചില അടക്കം പറച്ചിലുകൾ ഉണ്ടെങ്കിലും സ്ഥീരികരണമില്ല. അതേസമയം, അങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്ന് പറയുന്നവരുമുണ്ട്. എന്നാൽപിന്നെ അദ്ദേഹം എവിടെ എന്ന ചോദ്യമാണ് മാസങ്ങളായി അണികളുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

ട്രേഡ് യൂണിയൻ നേതാവ് കൂടിയായ ഈ നേതാവ് പൊതുരംഗത്ത് സജീവമായി നിൽക്കെയാണ് പെട്ടെന്ന് അപ്രത്യക്ഷമായതെന്നാണ് അണികൾ പറയുന്നത്. അദ്ദേഹം വിദേശത്തേക്ക് പോയതാണെന്ന് പറയുന്നവരുണ്ട്. എന്നാൽ, ഇത്രയും നാളോ എന്ന മറുചോദ്യം മറ്റുചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. വിദേശത്തേക്ക് അദ്ദേഹം എന്തിന് പോയി എന്ന സംശയവും അവർ ഉന്നയിക്കുന്നു. എന്നാൽ, അദ്ദേഹം വിദേശത്തേക്ക് പോയി എന്ന് അടക്കം പറയുന്നവർ അതിന് കാരണമായി ചില സൂചനകൾ നിരത്തുന്നുണ്ട്.

കടുത്ത സാമ്പത്തിക ബാദ്ധ്യത നേതാവിനെ അലട്ടിയിരുന്നുവെന്നാണ് പ്രചരിക്കുന്ന കഥകളിലൊന്ന്. പാർട്ടിക്ക് വേണ്ടിയും സഹകരണ സംഘങ്ങൾക്ക് വേണ്ടിയും എടുത്ത ചില വായ്പകൾ അദ്ദേഹത്തെ സാമ്പത്തിക ബാദ്ധ്യതയിലേക്ക് തള്ളിവിട്ടു എന്നാണ് സംസാരം. വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത വിധം ബാദ്ധ്യതയായതോടെ തത്കാലം മാറി നിൽക്കുന്നു എന്നാണ് ഇതേപ്പറ്റി പറയുന്നവർ വാദിക്കുന്നത്.

ഈ നേതാവ് ചുമതല വഹിക്കുന്ന ചില സഹകരണ സംഘങ്ങളുടെ പേരിൽ ജില്ലാ സഹകരണ ബാങ്കിലും സംസ്ഥാന സഹകരണ ബാങ്കിലുമായി കോടികളുടെ വായ്പാ ഇടപാടുകളുണ്ടെന്നും പറയപ്പെടുന്നു. ഇതിൽ ചിലത് ജപ്തി നടപടികളിലേക്ക് നീങ്ങുകയാണത്രെ. എന്നാൽ, ഇതെല്ലാം തെറ്റായ പ്രചാരണങ്ങളാണെന്നും വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ബാദ്ധ്യതകളൊന്നും അദ്ദേഹത്തിന്റെ ചുമലിൽ എത്തിയിട്ടില്ലെന്ന് നേതാവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

ലാഭമില്ലാതെ ചില സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലായപ്പോൾ നിക്ഷേപകർ പരാതിയുമായി രംഗത്തിറങ്ങിയത് നേതാവിനെ വിഷമത്തിലാക്കിയെന്ന സംസാരവുമുണ്ട്. അതേസമയം, നേതാവ് എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ മറ്റ് നേതാക്കൾക്കും കഴിയുന്നില്ല.