തലശ്ശേരി: പ്രശസ്തമാപ്പിളപ്പാട്ടുകലാകാരനും ഫോക്‌ലോർ അക്കാഡമി വൈസ് ചെയർമാനുമായ എരഞ്ഞോളിമൂസ മരിച്ചുവെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് തലശ്ശേരി പൊലീസിന്റെ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട്ടെ സൽസബീലിൽ ഷെൽകീറാണ് (38) കസ്റ്റഡിയിലുള്ളത്. തെറ്റ് ബോധ്യപ്പെട്ടതിനെ തുടർന്ന് മൂസയെ നേരിൽ കണ്ട് ക്ഷമ ചോദിക്കാൻ കൂട്ടുകാർക്കൊപ്പം വീട്ടിലെത്തിയപ്പോഴാണ് യുവാവ് പിടിയിലായത്.
'ഞാൻ നിങ്ങളുടെ ആരാധകനാണ്. അപകടം പറ്റിയെന്നറിഞ്ഞതിനാൽ അത് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു'. അബദ്ധം പറ്റിയെന്ന് ബോധ്യപ്പെട്ടതിനാൽ നേരിൽ കണ്ട് ക്ഷമ ചോദിക്കാൻ വന്നതാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. എന്നാൽ ഈ വിഷയത്തിൽ മാപ്പില്ലെന്ന് പറഞ്ഞ മൂസ പ്രതിയെ കൈയോടെ പോലീസിനെ ഏൽപിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് എരഞ്ഞോളി മൂസ മരിച്ചതായി തലശ്ശേരി ടൗണിലുള്ള ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഇയാൾ പോസ്റ്റ് ചെയ്തത്. ഇത് പെട്ടെന്നുതന്നെ മറ്റ് ഗ്രൂപ്പുകളിലെക്ക് പ്രചരിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ട തലശ്ശേരിയിലെ മാദ്ധ്യമപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ മൂസ തലശ്ശേരി ചാലിൽ മട്ടാമ്പ്രത്തെ വീട്ടിൽ വിശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായി. താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും വ്യാജ വാർത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും കാട്ടി മൂസ വാട്സ് ആപ്പ് വീഡിയോ സന്ദേശം മാധ്യമ പ്രവർത്തകർക്ക് അയയ്ക്കുകയായിരുന്നു.