കണ്ണൂർ: ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ മഹാസമാധി വരെ നീളുന്ന ഇതിഹാസ ജീവിതകഥയിലെ സുപ്രധാന മുഹൂർത്തങ്ങളെല്ലാം കോർത്തിണക്കി കൗമുദി ടി.വി ഒരുക്കുന്ന 'മഹാഗുരു" മെഗാ പരമ്പരയുടെ ട്രെയ്ലർ റോഡ് ഷോ കണ്ണൂർ, കാസർകോട് ജില്ലകളിൽ പര്യടനം പൂർത്തിയാക്കി. വ്യാഴാഴ്ച കണ്ണൂർ ജില്ലയിലും ഇന്നലെ കാസർകോട് ജില്ലയിലുമായിരുന്നു സ്വീകരണം. വിവിധ എസ്.എൻ.ഡി.പി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണപരിപാടിയിൽ വിദ്യാർഥികളടക്കം നിരവധി പേർ പങ്കെടുത്തു. ശ്രീ ഭക്തിസംവർദ്ധിനി യോഗം, ശ്രീ ജ്ഞാനോദയ യോഗം , ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും സ്വീകരണ പരിപാടിയിൽ അണിചേർന്നു.
കണ്ണൂർ ജില്ലയിൽ ഇരിട്ടി, പാനൂർ, തലശേരി, കണ്ണൂർ, നടുവിൽ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. ഗുരുദേവന്റെ ഛായാപടത്തിൽ ഹാരാർപ്പണം നടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. തലശേരിയിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. നടുവിൽ ടൗണിലായിരുന്നു കണ്ണൂർ ജില്ലയിലെ സമാപനം.
ഇന്നലെ രാവിലെ തൃക്കരിപ്പൂർ ടൗണിലാണ് കാസർകോട് ജില്ലയിലെ ആദ്യസ്വീകരണം. സ്വാമി പ്രേമാനന്ദ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കാഞ്ഞങ്ങാട്, ഉദുമ, കാസർകോട്, പരപ്പ എന്നിവിടങ്ങളിലും സ്വീകരണം നൽകി. എസ്. എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ടി. ലാലു ഉൾപ്പെടെയുള്ള പ്രമുഖ യൂണിയൻ നേതാക്കൾ പരിപാടികളിൽ പങ്കെടുത്തു. റോഡ് ഷോ വൈകിട്ട് പരപ്പയിൽ സമാപിച്ചു.