കൂത്തുപറമ്പ്: നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ നിന്ന് മായം കലർത്തിയ അഞ്ചു കിലോയോളം ചായപ്പൊടി പിടിച്ചെടുത്തു. കൂത്തുപറമ്പ് നഗരത്തിലെ ഏതാനും ഹോട്ടലുകളിലും ചായകടകളിലും മായം കലർത്തിയ ചായപ്പൊടി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.ഡിസംബറിൽ ഏതാനും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച ചായപ്പൊടി സാമ്പിൾ കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ഫുഡ് ലാബോറട്ടറിയിൽ പരിശോധിച്ചപ്പോൾ മായം കണ്ടെത്തിയിരുന്നു. നിരോധിക്കപ്പെട്ട വസ്തുക്കളായ കാർമിയോസിൻ, സൺസെറ്റ് യെല്ലോ, ർെടാറിസിൻ എന്നിവയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ശരീരത്തിന് ദോഷമായ ഇവയെല്ലാം നിരോധിതമാണ്. ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പൊടിയും ഗുണനിലവാരം കുറഞ്ഞ ചായപ്പൊടിയും ശേഖരിച്ച് കൃത്രിമനിറം ചേർത്ത് വിൽപ്പന നടത്തുന്നതായാണ് കണ്ടെത്തിയത്. പരിശോധനാ ഫലം പുറത്ത് വന്ന ശേഷമാണ് കൂത്തുപറമ്പിൽ പരിശോധന നടന്നത്. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന കർശനമാക്കുമെന്ന് ഇദ്ദേഹം അറിയിച്ചു.