മട്ടന്നൂർ: കൂത്ത്പറമ്പ് നഗരസഭയിലെ ആമ്പിലാട് ചോരക്കുളം ജലസമൃദ്ധിയിലേക്ക്. രണ്ട് വർഷങ്ങൾ മുമ്പ് മീനച്ചൂടിനെ വകവെക്കാതെ കൂത്ത് പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്തോളം വരുന്ന പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ കോഓർഡിനേറ്റർ രാജൻ കുന്നുമ്പോന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രയത്നമാണ് ഇതോടെ വിജയിച്ചത്. വരൾച്ചയുടെ കാരണം മേഖലയിലെ കുളങ്ങളിൽ പലതും ഇല്ലാതായതാണെന്ന് ബോധ്യപ്പെട്ട കുട്ടികൾ ചെറുതും വലുതുമായ 90 ഓളം കുളങ്ങളുള്ള കുറുമ്പുക്കൽ ഗ്രാമത്തിൽ നിന്നാണ് ഇവയുടെ വീണ്ടെടുപ്പിന് ശ്രമം തുടങ്ങിയത്. അന്നത്തെ കൃഷിമന്ത്രിയായ കെ.പി മോഹനനെ കണ്ട് നിവേദനം സമർപ്പിച്ചതിന് പിന്നാലെ കുളങ്ങളുടെ സർവ്വേ നടത്താൻ മണ്ണ് പര്യവേഷണമണ്ണ് സംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു.വകുപ്പിലെ പത്തോളം ഉദ്യോഗസ്ഥർ മുൻ അദ്ധ്യാപകനും കർഷകനുമായ മധു നിർമ്മലഗിരിയുടേയും കുട്ടികളുടേയുമൊപ്പം നടന്ന് പത്ത് ദിവസങ്ങൾ സർവെ പൂർത്തിയാക്കി. നവീകരണത്തിന് ശിപാർശ ചെയ്ത 24 കുളങ്ങളിൽ 14 കുളങ്ങളുടെ നവീകരണത്തിന് ഒന്നരക്കോടി രൂപ അനുവദിക്കുകയായിരുന്നു. മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ മേൽനോട്ടത്തിൽ മുഴുവൻ കുളങ്ങളുടെയും സമ്മതപത്രം വാങ്ങിച്ച് ഗുണഭോക്തക്കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു. ഒന്നാം ഘട്ടം ഭരണാനുമതി ലഭിച്ച 3 കുളങ്ങളിൽ രണ്ട് കുളങ്ങളുടെ നവീകരണം കഴിഞ്ഞ വർഷം പൂർത്തീകരിച്ചു.

കൂത്ത്പറമ്പ് മുൻസിപ്പൽ ചെയർമാൻ എം.സുകുമാരൻ താൽപര്യമെടുത്ത് നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോരക്കുളം നിർമ്മാണ പ്രവർത്തനവും ഊർജ്ജിതമാകുകയായിരുന്നു. മേഖലയിൽ 11 കുളങ്ങൾ കൂടി പണി പൂർത്തിയാവാനുണ്ട് മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി അവയുടെ പണിയും കൂടി പൂർത്തീകരിച്ചാൽ ജലക്ഷാമത്തിന് വലിയതോതിൽ പരിഹാരമാകും.

സംസ്‌കാര സാഹിതി സാംസ്‌കാരിക യാത്രയ്ക്ക് സ്വീകരണം നൽകി

മട്ടന്നൂർ: കെ .പി. സി .സി സംസ്‌കാര സാഹിതി സാംസ്‌കാരിക യാത്രയ്ക്ക് മട്ടന്നൂരിൽ ടൗൺ സ്വകയറിൽ സ്വീകരണം നൽകി.സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ കെ.വി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കാര സാഹിതി സംസ്ഥാന കൺവീനർ എൻ .വി. പ്രദീപ് കുമാർ, എം. പ്രദീപ് കുമാർ, കെ. പി. പ്രഭാകരൻ , വി .ആർ. ഭാസ്‌കരൻ , ടി .വി. രവി, കരയിൽ സുകുമാരൻ, സുരേഷ് കൂത്ത്പറമ്പ, സംസ്‌കാര സാഹിതി മട്ടന്നൂർ നിയോജക മണ്ഡലം ചെയർമാൻ രാഗേഷ് തില്ലങ്കേരി , വി. കുഞ്ഞിരാമൻ, ഒ.കെ. പ്രസാദ് കുമാർ, പി. രാജീവ് എന്നിവർ സംസാരിച്ചു.