കാസർക്കോട്: ഇന്ത്യൻ നാഷണൽ ലീഗ് ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്ത കെ.എസ്. ഫക്രുദീൻ ഹാജിക്ക് നാഷണൽ ലേബർ യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് സി.എം.എ. ജലീൽ അധ്യക്ഷത വഹിച്ചു. നാഷണൽ ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.പി.പി. മുസ്തഫ ഉപഹാരം നൽകി. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുബൈർ പടുപ്പ്, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, പ്രവാസി സംസ്ഥാന ട്രഷറർ മുനീർ കണ്ടാളം, എൻ.എൽ.യു ജില്ലാ കോർഡിനേറ്റർ കെ.കെ.ബഷീർ പാക്യാര, ടി.എം.എ. റഹ്മാൻ തുരുത്തി, അഫ്സൽ പടന്നക്കാട്, ഹനീഫ് കടപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജില്ല ട്രഷറർ അമീർ കോടി നന്ദി പറഞ്ഞു.
ബസ് സ്റ്റാൻഡ് കെട്ടിടം താല്പര്യപത്രത്തിന് കൗൺസിലിന്റെ അംഗീകാരം
നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം പണിയുന്നതിനുള്ള താല്പര്യ പത്രത്തിന് കൗൺസിലിന്റെ അംഗീകാരം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ പ്ലാൻ, ഡ്രോയിംഗ്, സ്ട്രെച്ചറൽ ഡിസൈൻ, ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി നൽകുന്നതിനുള്ള താല്പര്യപത്രം അംഗീകരിച്ചത്.
എട്ട് താൽപ്പര്യപത്രങ്ങളിൽ രണ്ടു ലക്ഷം രൂപയ്ക്ക് ലഭിച്ച ദാമോദർ ആർക്കിടെക്ടിന്റെ ഡിസൈൻ അഭികാമ്യമെന്ന് കമ്മിറ്റി വിലയിരിത്തിയിരുന്നു. ഡിസൈനിൽ ഭേദഗതി വരുത്തി ഒന്നരലക്ഷം രേഖപ്പെടുത്തിയ എസ്.കെ ആർക്കിടെക്ടിനോട് സാങ്കേതികാനുമതി ലഭ്യമാകുന്നതു വരെയുള്ള മറ്റ് സേവനങ്ങൾ കൂടി നൽകുന്നതിനു സമ്മതമാണോ എന്ന് ആരായുന്നതിനും ശുപാർശ ചെയ്യാൻ സബ് കമ്മറ്റി തീരുമാനിച്ചു. ഈ അജണ്ട കൗൺസിൽ അംഗീകരിച്ചു,
നഗരസഭയുടെ 2018-19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട 18 മരാമത്ത് പ്രവൃത്തിയുടെ ടെണ്ടറിൽ ആരും പങ്കെടുക്കാത്തതിനാൽ പണി സമയ കുറവ് കാരണം പെട്ടെന്ന് തീർക്കേണ്ടതിനാൽ കൗൺസിലിന്റെ തീരുമാനം അംഗീകരിച്ച് ക്വട്ടേഷനിൽ പ്രവേശിക്കാൻ തീരുമാനിച്ചു. കൗൺസിൽ അഞ്ച് അജണ്ട അംഗീകരിച്ചു. ചെയർമാൻ പ്രൊഫ. കെ .പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
മുന്തിക്കോട്ടു തറവാട് കളിയാട്ടം
ഇന്നും നാളെയും
ചെറുവത്തൂർ: കാരിയിൽ ശ്രീ മുന്തിക്കോട്ട് തറവാട് ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് വൈകീട്ട് ആറരയ്ക്ക് ദീപാരാധനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. എട്ടരക്ക് പാടാർ കുളങ്ങര ഭഗവതി, ഉച്ചൂളി കടവത്ത് ഭഗവതി എന്നിവയുടെ തോറ്റം പുറപ്പാട്. പത്തുമണിക്ക് അച്ഛൻ ദൈവത്തിന്റെ പുറപ്പാട്. നാളെ വിഷ്ണുമൂർത്തി, ഗുളികൻ, അങ്കക്കുളങ്ങര ഭഗവതി പുറപ്പാട്. അന്നദാനവും ഉണ്ടായിരിക്കും.