കണ്ണൂർ: മതിലുകെട്ടലല്ല, മതിലുപൊളിക്കലാണ് നവോത്ഥാനമെന്നും നവോത്ഥാന ചരിത്രത്തിൽ കമ്യൂണിസ്റ്റുകൾക്ക് ഒരു പങ്കുമില്ലെന്നും സംസ്‌ക്കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. 'ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്‌സെ ചിന്ത മരിക്കട്ടെ' എന്ന സന്ദേശവുമായെത്തിയ സംസ്്ക്കാര സാഹിതി യാത്രയ്ക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷം വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജിവ് ജോസഫ്, കെ.സുരേന്ദ്രൻ, കെ പ്രമോദ്, എൻ.വി പ്രദീപ്കുമാർ, പ്രദീപ് പയ്യന്നൂർ, കാരയിൽ സുകുമാരൻ, അനി വർഗീസ്, കെ.എം ഉണ്ണികൃഷ്ണൻ, ജോഷി കണ്ടത്തിൽ, സുരേഷ്ബാബു എളയാവൂർ, അഡ്വ മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി, പി.സി രാമകൃഷ്ണൻ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 35 പ്രതിഭകളെ ആദരിച്ചു. ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച 'വെളിച്ചത്തിലേക്കു നടക്കാം 'എന്ന സന്ദേശവുമായി അരമണിക്കൂർ ദൈർഘ്യമുള്ള നാടകം, നാടൻപാട്ടുകളും ഗോത്രകലാരൂപങ്ങളും അവതരിപ്പിച്ചു.പയ്യന്നൂരിലെ ആനന്ദതീർത്ഥാശ്രമം സന്ദർശിച്ചാണ് സാംസ്‌കാരികയാത്ര രാവിലെ ജില്ലയിലെ പര്യടനം ആരംഭിച്ചത്. ശ്രീകണ്ഠപുരത്തെ സ്വീകരണത്തിൽ അഡ്വ. വി.എ അഗസ്റ്റ്യൻ ആധ്യക്ഷം വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റപൻ എൻ.വി പ്രദീപ്കുമാർ, പ്രദീപ് പയ്യന്നൂർ, കാരയിൽ സുകുമാരൻ, അനി വർഗീസ്, കെ.എം ഉണ്ണികൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി .ഗംഗാധരൻ, പി.ജെ ആന്റണി, എം.ഒ മാധവൻ, പി.പി ചിത്രാംഗദൻ പ്രസംഗിച്ചു. മട്ടന്നൂരിൽ നൽകിയ സ്വീകരണത്തിൽ കെ.വി ജയചന്ദ്രൻ ആധ്യക്ഷം വഹിച്ചു. ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ ഭാസ്്ക്കരൻ, കെ.പി പ്രഭാകരൻ, ടി.വി രവീന്ദ്രൻ, രാജേഷ് തില്ലങ്കേരി പ്രസംഗിച്ചു. യാത്ര ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.


ഗാന്ധിമാർഗ്ഗ പ്രവർത്തകർ പ്രതിഷേധിച്ചു.

കണ്ണൂർ :മതേതര ഭാരതം തകർക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുമഹാസഭ നടത്തിയ കിരാതമായ ഗാന്ധി' വധ'ത്തിനെതിരെ കേരള സർവ്വോദയ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗാന്ധിമാർഗ്ഗ പ്രവർത്തകർ കണ്ണൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ആദരാഞ്ജലികളർപ്പിച്ച് ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.പ്രമുഖ ഗാന്ധിയൻ പ്രൊഫ.എം.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ പ്രേമരാജൻ അദ്ധ്യക്ഷനായി. കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആർ നാഥ് ,കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡണ്ട് പവിത്രൻ തില്ലങ്കേരി ,എം.മുകുന്ദൻ മാസ്റ്റർ , ദിനു മൊട്ടമ്മൽ ,പള്ളിപ്രം പ്രസന്നൻ ,രാജൻ കോരമ്പേത്ത് ,കെ.ഭാസ്‌കരൻ മാസ്റ്റർ ,ടി.വി.നാരായണൻ , എ രഘു എന്നിവർ പ്രസംഗിച്ചു .വി.ദേവദാസ് ,അഡ്വ.വിനോദ് പയ്യട ,ഹരി ചക്കരക്കൽ ,ഐ.സി.മേരി ,സൗമി ഇസബൽ ,സി. പൂമണി ,പി .വി.രാജമണി തുടങ്ങിയവർ നേതൃത്വം നൽകി.

യാത്രയയപ്പ് നൽകി

മാഹി: മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിനൊടുവിൽ സർവീസിൽ നിന്ന് വിരമിച്ച പുന്നോൽ സർവീസ് സഹകരണ ബേങ്ക് ജീവനക്കാരി കെകെ. സരസുവിന് സഹപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി. ബേങ്ക് പ്രസിഡണ്ട് കെ.കെ.രാജേഷ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. സിക്രട്ടരി കെവി.സന്തോഷ് കുമാർ, പി.അനിൽകുമാർ, എൻ.കെ.രാമകൃഷ്ണൻ, ചാലക്കര പുരുഷു, പി.സി. നിഷാന്ത്, പി രാജീവ് കുമാർ, ടി.സുധ, കെ.ജയപ്രകാശ്, കണ്ട്യൻ സുരേഷ് ബാബു ,ടി.ഗീത തുടങ്ങിയവർ സംസാരിച്ചു.

ബലാത്സംഗക്കേസിലെ പ്രതിക്ക് പത്ത് വർഷം തടവ്.

തലശ്ശേരി:പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വിളക്കോട് ചാക്കാട്ടെ പുതിയ പുരയിൽ പി.പി.രഘുവിനെ (46) തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് പത്ത് വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടക്കുന്നില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.2011 ഫെബ്രുവരി 11ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.


കെ.എസ്.ടി.യു.സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ

തലശ്ശേരി കെ. എസ്. ടി. യു നാൽപ്പതാം സംസ്ഥാന സമ്മേളനം തലശ്ശേരി ഐ. എം.എ ഹാളിൽ മൂന്നു ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 3 ന് ഉച്ചക്ക് 2 മണിക്ക് സംസ്ഥാന പ്രസിഡന്റ് എ. കെ സൈനുദ്ദീൻ പതാക ഉയർത്തും. 2. 30 ന് സംസ്ഥാന കൗൺസിൽ യോഗം ചേരും. 4 മണിക്ക് ഇ. ടി മുഹമ്മദ് ബഷീർ എം. പി സമ്മേളനം ഉദ്ഘാടനം ചെയ്യും.വൈകിട്ട് 7 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം സയിദ് മുനവറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ.
സി അത്താവുള്ള അധ്യക്ഷത വഹിക്കും. 4 ന് തലശ്ശേരി ടൗൺഹാളിൽ സമ്പൂർണ്ണ സമ്മേളനം സയിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം, കെ അബ്ദുൾ സമദാനി മുഖ്പ്രഭാഷണം നടത്തും. എ. കെ സൈനുദ്ദീൻ അധ്യക്ഷത വഹിക്കും. 2ന് ചേരുന്ന വിദ്യാഭ്യാസ സമ്മേളനം സി. പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡോ. അമൃത് ജി. കുമാർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4 ന് അധ്യാപക പ്രകടനം, 5ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനം കെ. പി. എ.മജീദ് ഉദ്ഘാടനം ചെയ്യും. പി. കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. 5 ന് രാവിലെ 9 ന് ശിഹാബ് തങ്ങൾ സൗദത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പാറക്കൽ അബ്ദുള്ള എം. എൽ. എ ഉദ്ഘാടനം ചെയ്യും.. അഡ്വ. പി. വി സൈനുദ്ദീൻ, വി. കെ മൂസ, ബഷീർ ചെറിയാണ്ടി, കെ. വി. ടി മുസ്തഫ, കെ. ടി സാജിദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പേരാവൂർ സെയിന്റ് ജോസഫ്‌സ് ഫൊറോന പള്ളി തിരുനാൾ തുടങ്ങി

പേരാവൂർ : സെയിന്റ് ജോസഫ്‌സ് ഫൊറോനാപ്പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയുംസെബാസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി.ഫൊറോന വികാരി തോമസ് കൊച്ചുകരോട്ട് കൊടിയുയർത്തി. അസിസ്റ്റന്റ് വികാരി ദീപു കാരക്കാട്ട്, കോർഡിനേറ്റർ ജോജോ കൊട്ടാരംകന്നേൽ, ഷിജോ എടത്താഴെ, ബേബി താഴത്തുവീട്ടിൽ, ബിജു കദളിക്കാട്ടിൽ, കുര്യാച്ചൻ എടത്താഴെ,തങ്കച്ചൻ കളത്തിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.ആറിന് ജോസഫ് നാമധാരികളെ ആദരിക്കൽ, ഏഴിന് സെമിത്തേരി സന്ദർശനവും ഭക്ത സംഘടനകളുടെ വാർഷികവും, എട്ടിന് ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിക്കലും ദിവ്യകാരുണ്യ പ്രദക്ഷിണവും ഒമ്പതിന് ടൗൺ ചുറ്റിയുള്ള പ്രദക്ഷിണവും ആകാശവിസ്മയവും ഉണ്ടാവും. പത്തിന് രാവിലെ 9:30ന് വിശുദ്ധകുർബ്ബാനയും പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.


യുവതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു
തലശ്ശേരി :എടക്കാട് പൊലിസ് പരിധിയിലെ കാടാച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ ക്വാർട്ടേഴ്‌സിനകത്ത് പാലയാട് എസ്റ്റേറ്റിനടുത്ത ശങ്കരൻ ആശാരിയുടെ മകൾ നിഷയെ (36) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത.മരണം കൊലപാതകമെന്ന് സംശയമുയർന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മമ്പറം കായലോടിനടുത്ത ഷിബുവിന്റെ ഭാര്യയായിരുന്നു നിഷ രണ്ട് വർഷം മുൻപെ നിയമപരമായി ബന്ധം വേർപെടുത്തിയിരുന്നു. മക്കൾ രണ്ട് പേരും അച്ഛൻ ഷിബുവിനൊപ്പമാണ് താമസം. ബ്യൂട്ടിഷ്യനായി ജോലി ചെയ്യുന്ന യുവതി മേക്കപ്പ് സാധനങ്ങൾ വിൽപന നടത്തിയുമാണ് ഉപജീവിച്ചിരുന്നത്.യുവതിയെ പുറത്ത് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽക്കാർ വിവരമറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് ക്വാർട്ടേഴ്സിലെ മുറിയുടെ പൂട്ട് തകർത്താണ് അകത്ത് കയറിയത്.ഡി.വൈ.എസ്.പി. പി.പി.സദാനന്ദൻ, സിറ്റി സി.ഐ.പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പൊലീസ് നായ മൃതദേഹത്തിൽ നിന്നും മണം പിടിച്ച് ഓടി നിന്നത് 200 മീറ്റർ അപ്പുറത്തെ ഒരു വീടിന് സമീപമായിരുന്നു. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പി.ടി.സനൽകുമാർ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

തീരദേശ പൊലീസ് സ്‌റ്റേഷൻ അക്രമക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

മാഹി .തീരദേശ പൊലീസ് സ്‌റ്റേഷൻ അക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ മാഹി കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മാഹി പാറക്കൽ പൂഴിയിൽഹൗസ് മാധവാസിൽ ശ്യാംജിത്ത് (32), സന്ദീപ് (33), പൂഴിയിൽഹൗസിൽ അനിൽകുമാർ (38), പാറക്കൽ ഗ്രാന്റ്കനാലിനടുത്ത അശോകൻ എന്ന ജ്യോതി അശോകൻ (52), പാറക്കൽ പാറേമ്മൽഹൗസിൽ അനീഷ് (38), പാറക്കൽ വളപ്പിൽഹൗസിൽ ബാബു (49), പൂഴിത്തല അയ്യിട്ടവളപ്പിൽ പ്രതീഷ് എന്ന സോദരൻ പ്രജീഷ് (36) എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. 2017 ഒക്‌ടോബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. തീരദേശ പൊലീസ് കസ്റ്റഡിയിലെടുത്ത മാഹി പൂഴിത്തലയിലെ അഴിയിട്ടവളപ്പിൽ നകുലൻ എന്ന അനിൽകുമാറിനെ സ്‌റ്റേഷൻ ആക്രമിച്ച് രക്ഷപ്പെടുത്തിയെന്നായിരുന്നു കേസ്.