കണ്ണൂർ: നല്ല തലവേദന, ഒരു സ്‌ട്രോംഗ് ചായ...! ഓർഡറിടുമ്പോൾ സൂക്ഷിക്കുക...അതിൽ ഒളിച്ചിരിക്കുന്ന കാളകൂടത്തെ. അതുണ്ടാക്കുന്ന ഒടുങ്ങാത്ത തലവേദനയെ.
ചായക്കടകളിലും തട്ടുകടകളിലും ഉപയോഗിച്ച ചായപ്പൊടിയുടെ ചണ്ടി വാങ്ങി കടുപ്പവും നിറവും കിട്ടാൻ മാരക രാസവസ്‌തുക്കൾ ചേർത്ത് വീണ്ടും ചായപ്പൊടിയാക്കുന്ന നീചമായ 'മായാജാലം' നടക്കുന്നുണ്ടിവിടെ. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഇത്തരം വ്യാജ ചായപ്പൊടി പിടിച്ചെടുത്തിരുന്നു.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ കേന്ദ്രീകരിച്ചുള്ള വൻറാക്കറ്റാണ് തേയിലച്ചണ്ടി ശേഖരിച്ച് മാരക രാസവസ്തുക്കളടങ്ങിയ നിറം ചേർത്ത് ചുരമിറക്കുന്നത്. വിലക്കുറവാണ് ഹോട്ടലുടമകളെയും തട്ടുകടക്കാരെയും ആകർഷിക്കുന്നത്. കിലോയ്‌ക്ക് 150 രൂപ മുതൽ 200 രൂപ വരെ ലാഭം. ഒരു കിലോ വ്യാജൻ ഉപയോഗിച്ച് 200 മുതൽ 300 വരെ ചായയുണ്ടാക്കാം. വെള്ളം അധികം തിളപ്പിക്കേണ്ട. മണത്തിനു ഏതെങ്കിലും ബ്രാൻഡഡ് ചായപ്പൊടി ഒരു നുള്ള് ചേർക്കുന്നവരുമുണ്ട്.
പല കടകളിൽ നിന്നും സാമ്പിൾ എടുത്ത് കൂടുതൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷാവിഭാഗം.
കാർമിയോസിൻ മുതൽ ടാർടാറിൻ വരെ
ചായപ്പൊടി റീജിയണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ അയച്ചു നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട കൃത്രിമ വർണവസ്തുക്കളായ കാർമിയോസിൻ, സൺസെറ്റ് യെല്ലോ, ടാർടാറിൻ എന്നിവ ചേർത്തതായി കണ്ടെത്തിയത്. ചായപ്പൊടിയുടെ ചണ്ടി ശേഖരിച്ച് കേരളത്തിനു പുറത്തുള്ള രഹസ്യ കേന്ദ്രത്തിൽ സിന്തറ്റിക്ക് വർണവസ്തുക്കൾ, രുചിവർദ്ധക വസ്തുക്കൾ എന്നിവ ചേർക്കുന്നു.
കാൻസർ തൊട്ട് ഡിപ്രഷൻ വരെ
മായംകലർന്ന ചായ തുടർച്ചയായി കുടിച്ചാൽ കുടലിൽ കാൻസർ, അലർജി, മൈഗ്രേയ്ൻ, തൈറോയ്ഡ് കാൻസർ, ഡിപ്രഷൻ, കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി എന്നീ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
'ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് ഒരു വർഷം തടവും അഞ്ച് ലക്ഷം വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ബില്ലില്ലാതെ സാധനങ്ങൾ വാങ്ങുന്ന വ്യാപാരികൾക്ക് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്വം. മായം കലർന്ന സാധനങ്ങൾ വിറ്റ കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്'
സി.എ. ജനാർദ്ദനൻ,
ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ, കണ്ണൂർ