ചെറുവത്തൂർ: ജനങ്ങൾക്ക് പ്രതീക്ഷയേകിയ ചീമേനിയിലെ ഐ.ടി. പാർക്ക് സർക്കാർ ഉപേക്ഷിച്ചെങ്കിലും പകരം വ്യവസായ പാർക്ക് വരുമെന്ന് ഉറപ്പായി. 20 കോടി രൂപയുടെ പദ്ധതിക്കായി ബജറ്റിൽ 4 കോടി രൂപ വകയിരുത്തിയതോടെയാണ് പ്രതീക്ഷയ്ക്ക് ചിറക് മുളച്ചത്. ഗ്രാമീണ മേഖലയിൽ ഐ.ടി. പാർക്ക് അനുയോജ്യമാകില്ലെന്ന തിരിച്ചറിവാണ് വ്യവസായ പാർക്കിലേക്ക് തിരിയാൻ കാരണം. വ്യവസായ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ച ഇതിനകം പൂർത്തിയായി. ഐ.ടി. പാർക്കിനായി ഇതിനകം ലക്ഷങ്ങൾ ചിലവഴിച്ചിരുന്നു. ഇതിനിടെ ഗ്രാമീണ മേഖല അനുയോജ്യമാകില്ലെന്ന അധികൃതരുടെ ചിന്തയാണ് ഐ.ടി. പാർക്ക് ഉപേക്ഷിക്കാൻ കാരണം. ഐ.ടി. പാർക്കിനും അനുബന്ധ വ്യവസായങ്ങൾക്കും ഏറെ അടിസ്ഥാന സൗകര്യങ്ങൾ വേണം. ഇതും വ്യവസായ പാർക്ക് മതിയെന്ന തീരുമാനത്തിലെത്തിച്ചു. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2010 ലായിരുന്നു ചീമേനിയിലെ ഐ.ടി. പാർക്കിന് തറക്കല്ലിട്ടത്. ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. നൂറേക്കർ സ്ഥലം മൂന്നുകോടി രൂപ ചിലവിൽ മതിൽകെട്ടി സംരക്ഷിച്ചിട്ടുണ്ട്. 50,000 ചതുരശ്രയടി കെട്ടിടത്തിന്റെ അടിത്തറ നിർമാണം പൂർത്തിയായപ്പോഴാണ് ഐ.ടി. പാർക്കിന് മരണമണി മുഴങ്ങിയത്. ജില്ലയിൽ ഏറെ റവന്യൂ ഭൂമിയുള്ള പ്രദേശമാണ് ചീമേനി. ജില്ലയിൽ മറ്റിടങ്ങളിൽ പ്ലാന്റേഷൻ കോർപ്പറേഷൻ പദ്ധതികൾക്കായി സർക്കാരിന് സ്ഥലം വിട്ടുനൽകുന്നുണ്ട്. ഇതിനുപകരം ചീമേനിയിലെ റവന്യൂഭൂമി കോർപ്പറേഷന് നൽകുകയാണ് പതിവ്. ഇതിനാൽ വികസനപദ്ധതികളൊന്നും ചീമേനിയിലേക്ക് എത്തുന്നില്ല. 20 വർഷത്തിനിടെ മാറിമാറി വന്ന സർക്കാരുകൾ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതിപ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും വന്നില്ല. ഇതോടെ റിയൽ എസ്റ്റേറ്റ് മേഖല തഴച്ചു വളർന്നത് മാത്രമായിരുന്നു മാറ്റം.