തൃക്കരിപ്പൂർ: പാരമ്പര്യ വൈദ്യന്മാരെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ. പുഷ്പാംഗധൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി. സുരേഷ് ഗുരുക്കൾ, സംസ്ഥാന ജോ. സെക്രട്ടറി എം. രാമചന്ദ്രൻ ഗുരുക്കൾ, പി. ബാബു വൈദ്യർ, എൻ. ശശി ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.
നാല് സി.ഐമാർ ഡിവൈ.എസ്.പിയാകും
കാസർകോട്: ജില്ലയിലെ നാല് സി.ഐമാരെ ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി ആഭ്യന്തരവകുപ്പ് നിയമിച്ചു. 2003 ബാച്ചിൽ സർവീസിലെത്തിയ സി.ഐമാർക്കാണ് സ്ഥാനക്കയറ്റം. സതീഷ്‌കുമാർ ആലക്കൽ, എം. സുനിൽകുമാർ, എം.വി. അനിൽകുമാർ, ഡോ. വി. ബാലകൃഷ്ണൻ എന്നിവരാണ് ഡിവൈ.എസ്.പി. കസേരയിലെത്തുക. കാസർകോട് ക്രൈംബ്രാഞ്ച് സി.ഐയായ സതീഷ്‌കുമാർ ആലക്കലിനെ കണ്ണൂർ സഹകരണ വിജിലൻസ് വിംഗിലെ ഡിവൈ.എസ്.പിയായാണ് നിയമിച്ചത്. തളിപ്പറമ്പ്, ആദൂർ, വിജിലൻസ്, കോഴിക്കോട് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ സി.ഐയായിട്ടുണ്ട്. ഇപ്പോൾ വെള്ളരിക്കുണ്ട് സി.ഐയായ എം. സുനിൽകുമാറിനെ വയനാട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായാണ് നിയമിച്ചത്. പെരിന്തൽമണ്ണ, ആദൂർ, വടകര, നാദാപുരം, ശ്രീകണ്ഠാപുരം, വിജിലൻസ് എന്നിവിടങ്ങളിൽ സി.ഐ. ആയിരുന്നിട്ടുണ്ട്. പ്രമാദമായ കേസുകൾ തെളിയിച്ചവരാണ് ഇരുവരും. സംസ്ഥാന പൊലീസ് മേധാവിയുടെ 2017 വർഷത്തെ ഡിറ്റക്ടീവ് എക്സലൻസിനുള്ള ബാഡ്ജ് ഓഫ് ഓണർ നേടിയ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ. നീലേശ്വരം പുതുക്കൈ സ്വദേശി എം.വി അനിൽകുമാറിനെ കോഴിക്കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ആയി കോഴിക്കോട് തന്നെ നിയമിച്ചു. ഒരു വർഷം തന്നെ രണ്ട് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. ഉദുമ മുതിയക്കാൽ സ്വദേശിയായ ഡോ. ബാലകൃഷ്ണൻ നിലവിൽ തിരുവനന്തപുരം സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിൽ മെമ്പർ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ്. ഡിവൈ.എസ്.പിയായി പ്രമോഷൻ ലഭിച്ചെങ്കിലും അദ്ദേഹം അവിടെ തുടരും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരനെ തളിപ്പറമ്പ് ഡിവൈ.എസ്.പിയായി മാറ്റി നിയമിച്ചിട്ടുണ്ട്. വയനാട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ടി.എൻ സജീവനാണ് പുതിയ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.
അനധികൃത തട്ടുകടകൾ ഒഴിപ്പിക്കണം: ജില്ലാ വികസന സമിതി
കാസർകോട്: ജില്ലയിലെ അനധികൃത തട്ടുകടകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെ ചടങ്ങിൽ എ.ഡി.എം. എൻ. ദേവീദാസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എ. ജലീൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ കളക്ടർക്ക് ഹോട്ടൽ ഉടമകളുടെ സംഘടന നൽകിയ പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.