കാഞ്ഞങ്ങാട്: കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തെ വിദേശ വിനോദ സഞ്ചാരികൾ കൈവിടുന്നു. വനംവകുപ്പിന് ഓരോ വർഷവും വരുമാനം കൂടുന്നുണ്ടെങ്കിലും എത്തുന്നതെല്ലാം സ്വദേശികളാണ്. വിദേശികളെ എത്തിക്കുന്നതിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ വീഴ്ച വരുത്തുന്നെന്നാണ് ആക്ഷേപം. സഞ്ചാരികൾക്ക് താമസിക്കാൻ ഡി.ടി.പി.സി, സ്വകാര്യ ക്വാട്ടേഴ്സുകളും ഉണ്ടെങ്കിലും സഞ്ചാരികളുടെ കുറവ് ഇവരുടെ നിലനിൽപ്പിനെയും സാരമായി ബാധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിന് സിഗ്നൽ ലഭിക്കാത്തതും പ്രതികൂല ഘടകങ്ങളിൽ ഒന്നാണ്. ഇവിടെയെത്തിയാൽ പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാത്തത് സുരക്ഷയെയും ബാധിക്കുന്നു. അതേസമയം സാങ്കേതിക വിദഗ്ധർ സ്ഥലം സന്ദർശിച്ച് മാർച്ച് മാസത്തിനകം ടവർ നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നു. ഇതിനായി ബി.എസ്.എൻ.എൽ, സ്വകാര്യ ഓപ്പറേറ്റർമാരുമായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടിട്ടുണ്ട്. വാഹന സൗകര്യം ഇല്ലാത്തത് പരിഹരിക്കാൻ രണ്ട് വർഷം മുൻപ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും റാണിപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചിരുന്നു. പക്ഷെ, ഇത് പലപ്പോഴും പണിമുടക്കുന്നതായും നാട്ടുകാർ പറയുന്നു. രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന ഒരു സ്വകാര്യ ബസും അമിത ചാർജ് ഈടാക്കി സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങളും മാത്രമാണ് വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ആശ്രയം. വഴിതെറ്റുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ നാട്ടുകാരുടെ സഹായത്തോടെ കാടും മലയും അരിച്ച് പെറുക്കി കണ്ടെത്തുക മാത്രമാണ് ഏക വഴി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും വനത്തിനകത്ത് പല സ്ഥലത്തും മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലാണ്. പരിസ്ഥിതിയെ സംരക്ഷിച്ച് ഈ വിനോദസഞ്ചാരകേന്ദ്രത്തെ വളർത്തിയെടുക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.