കേളകം: ചെട്ട്യാംപറമ്പ് നരിക്കടവ് ജനവാസ മേഖലയിൽ ഭീതി പരത്തി വീണ്ടും കാട്ടാനയുടെ വിളയാട്ടം.കോയിപുറം സിബിയുടെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച രാത്രി കാട്ടാന ഇറങ്ങി ആക്രമണം നടത്തിയത്. കാലവർഷക്കെടുതിയിൽ ബലക്ഷയം സംഭവിച്ച ആന മതിൽ തകർത്ത് മൂന്ന് മാസം മുൻപ് പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. അന്ന് തകർത്ത സ്ഥലത്തു കൂടിത്തന്നെയാണ് വീണ്ടും കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങി വ്യാപകമായ കൃഷി നാശം വരുത്തിയത്.സിബിയുടെ പറമ്പിലെ തെങ്ങ്, റബ്ബർ, വാഴ, പച്ചക്കറികൾ തുടങ്ങിയ കൃഷിവിളകൾ നശിപ്പിച്ച ആന അടക്കാത്തോട് ഭാഗത്തേക്ക് നീങ്ങിയതായി പ്രദേശവാസികൾ പറയുന്നു.രണ്ടു വർഷം മുൻപ് ഇതേ സ്ഥലത്ത് നിന്നും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. തകർന്ന ആന മതിലിന്റെ അറ്റകുറ്റപ്പണി ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് അറിയുന്നുണ്ടെങ്കിലും പ്രവൃത്തി വൈകുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

രാമന്തളി പുഴ മാലിന്യം; ഹരിത ശുചിത്വ മിഷനുകൾ നാളെ പുഴ വെള്ളം പരിശോധിക്കും

പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിലെ മലിനജലം ഒഴുകി എത്തിയതിനെ തുടർന്ന് രാമന്തളി പുഴ മലിനമായെന്ന പരാതിയിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഹരിത കേരള മിഷനും ശുചിത്വ കേരള മിഷനും സംയുക്തമായി തിങ്കളാഴ്ച രാമന്തളി പുഴയിൽ ജലപരിശോധന നടത്തും.രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം. വി. ഗോവിന്ദൻ ,വാർഡംഗം കെ .പി. രാജേന്ദ്രൻ എന്നിവർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പഞ്ചായത്തിന്റെയും നേവൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പുഴയിലെ വ്യത്യസ്ത നാലു കേന്ദ്രങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ചാണ് പരിശോധന നടത്തുക.കവ്വായി കായലിന്റെ ഭാഗമായ രാമന്തളി പുഴ കക്കൂസ് മാലിന്യങ്ങൾ ഒഴുകി എത്തി മലിനമായിരിക്കുകയാണെന്ന് ജല അതോറിറ്റി നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. നാവിക അക്കാഡമിയിലെ മാലിന്യ പ്ലാന്റിൽ നിന്നും ഒഴുകി എത്തുന്ന മാലിന്യങ്ങളാണ് പുഴ മലിനമാക്കുന്നതെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതർ മുഖ്യമന്ത്രിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.എന്നാൽ പുഴ മലിനമാകുന്നതിന് കാരണക്കാർ തങ്ങളല്ലെന്ന നിലപാടിലാണ് നേവൽ അധികൃതർ. ഈ കാരണത്തിലാണ് നേവൽ അധികൃതരുടെ സാന്നിധ്യത്തിൽ തന്നെ പുഴയിലെ ജലപരിശോധന നടത്തുന്നത്.

അക്കാഡമിയിലെ മാലിന്യ പ്ലാന്റിൽ നിന്നും മലിനജലം ഒഴുകി എത്തി പ്രദേശത്തെ കിണറുകൾ മലിനമായ തിനെ തുടർന്ന് ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടന്നിരുന്നു. തുടർന്ന് സമരസമിതിയുമായി നേവൽ അധികൃതർ നടത്തിയ ചർച്ചയിൽ മാലിന്യ പ്ലാന്റ് വികേന്ദ്രീകരണം നടത്താമെന്ന് കരാർ വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്ലാന്റുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ പ്രവൃത്തി നീണ്ടുപോകുന്നതാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണം.


അഖിലേന്ത്യ കിക്കറ്റ് ടൂർണ്ണമെന്റ്
പാനൂർ : എ .എം.ജേ ഓട്ടോ മോടീവ് കമ്പനിയും പ്രവാസി തൂവക്കുന്ന് സ്‌പോർട്സ് ക്ലബും സംയുക്തമായി നടത്തുന്ന അഖിലേന്ത്യ ഫ്‌ളൈഡ് ലൈറ്റ് സോഫ്റ്റ് ബോൾ പ്രൈസ് മണിക്രിക്കറ്റ് ടൂർണ്ണമെന്റ് 16 ,17 തീയ്യതികളിൽ തൂവക്കുന്ന് കുപ്യാട് വയലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ക്രിക്കറ്റ് ടൂർണ്ണമെന്റ് സജ്‌നാസ് സജീവൻ ഉദ്ഘാടനം ചെയ്യും.കെ കെ അനസ്, റാഷിദ് ടി, ഹിഷാം കോറോത്ത്, കെ .പി. അൽത്താഫ്, കെ.ഫൈസൽ , കെ.കെ.അജ്മൽ , സി. പി.ജാബിർ , അബ്ദുള്ള അങ്ങാടി, എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

പാടിയോട്ടുചാൽ ശ്രീ അയ്യപ്പ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

ചെറുപുഴ: പാടിയോട്ടുചാൽ ശ്രീ അയ്യപ്പക്ഷേത്രം അഷ്ടബന്ധ സഹശ്രകലശവും കൊടിയേറ്റ മഹോൽത്സവവും തുടങ്ങി. ഇന്നലെ നാലിന് വയക്കര മുണ്ട്യയിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തി. അഞ്ചിന് തന്ത്രീശ്വരനെ സ്വീകരിച്ചു. മൂന്നിന് രാവിലെ ഇന്ദീവര ക്ഷിപ്രസാദ മഹാഗണപതി ഹോമം. രാത്രി ഏഴിന് പാടിയോട്ടുചാൽ നൂപുരം നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റം. ആറിന് രാത്രി ഏഴിന് കൊടിയേറ്റം. ഉൽസവ ദിവസങ്ങളിൽ വിവിധ പൂജകൾ, ഏരിയ കാഴ്ചകൾ, കലാപരിപാടികൾ, അക്ഷരശ്ലോക സദസ്, ഗാനമേള, ചരട്കുത്തി കോൽക്കളി, തിരുവാതിരക്കളി എന്നിവ നടക്കും. 14ന് ഉച്ചയ്ക്ക് 12നും മൂന്നിനും അക്ഷരശ്ലോക സദസ്. ആറിന് നഗരപ്രദക്ഷിണം പറയെടുപ്പ്. 7.30ന് ആദ്ധ്യാൽമിക പ്രഭാഷണം. രാത്രി ഒൻപതിന് കോമഡി ഉത്സവം. 15ന് 7.30ന് ആറാട്ട് എഴുന്നള്ളിക്കൽ.തുടർന്ന് ആറാട്ട് സദ്യയോടെ മഹോൽസവം സമാപിക്കും.

മോഷണശ്രമത്തിനിടെ മൂന്നംഗ സംഘം മട്ടന്നൂരിൽ അറസ്റ്റിൽ

മട്ടന്നൂർ:മോഷണശ്രമത്തിനിടെ മൂന്നംഗ സംഘം മട്ടന്നൂരിൽ അറസ്റ്റിൽ. മട്ടന്നൂർ എയർപോർട്ട് റോഡിൽ കല്ലേരിക്കര എന്ന സ്ഥലത്താണ് ശങ്കരൻ എന്നയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ കടന്നു കയറിയ ഒരാൾ അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ മോഷണശ്രമം കണ്ടത്. ഓടിയെത്തിയ നാട്ടുകാർ മോഷ്ടക്കാളെ തടഞ്ഞ് വച്ച് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂർ എസ് ഐ ശിവൻ ചോടത്തും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപള്ളി സ്വദേശി ലാൽ എസ് കൃഷണ (22) , തൃശ്ശൂർ സ്വദേശി ജിന്റൊ (24 ), തിരുനെൽവേലി സ്വദേശി ശക്തിവേൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .ഇതിൽ ശക്തിവേൽ നിരവധി കേസുകളിൽ പ്രതിയാണ്. മട്ടന്നൂരും പരിസരങ്ങളിലുമായി നിരവധി മോഷണ ശ്രമങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ നടന്നത്.കഴിഞ്ഞ ദിവസം വെളളിയാംപറമ്പിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം നഷ്ടപ്പെട്ടിരുന്നു. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.

എ.മൊയ്തീന് ബെർണഡിൻ ബെച്ചിനല്ലി അദ്ധ്യാപക പുരസ്‌കാരം സമ്മാനിച്ചു.
ഇരിട്ടി :. കെ.ആർ.എൽ.ഡി.സി. എർപ്പെടുത്തിയ ആർച്ച് ബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി സ്മാരക സംസ്ഥാന അദ്ധ്യാപക പുരസ്‌കാരദാന പരിപാടി തില്ലങ്കേരി പെരിങ്ങാനം ഗവ.എൽ.പി.സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു ബിഷപ്പ് .ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കണ്ണൂർ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ്. ഡോ. അലക്‌സ് വടക്കുംതല സ്‌കൂൾ പ്രധാനദ്ധ്യാപകൻ എ.മൊയ്തീന് സമ്മാനിച്ചു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.റോസമ്മ, പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ്, വൈസ് പ്രസിഡന്റ് സി.ഷൈമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ.ശ്രീധരൻ, പി.കെ.രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.കാർത്ത്യാനി, ഫാ.ആന്റണി നേറോണ, ഫാ.ഫ്രാൻസിസ് സേവ്യർ, സ്മിതബിജോയ്, കെ.ആർ.ബിജു, ഷാജിജോർജ്ജ്, എം.പി.ശശീധരൻ, പി.വി.രാധാകൃഷ്ണൻ, ഷീനറിജിത്ത്, എം.പ്രജിത്ത്, എസ്.എം.സി.ചെയർമാൻ എൻ.വിജേഷ്, എൻ.സതീശൻ, മാസ്റ്റർ എബിൻനിഷാൻ, എ.മൊയ്തീൻ എന്നിവർ സംസാരിച്ചു.

പൂന്തുരുത്തി പെരുങ്കളിയാട്ടം നാളെ തുടങ്ങും
പയ്യന്നൂർ::പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം തിങ്കളാഴ്ച തുടങ്ങും. കളിയാട്ടത്തിന്റെ വരവറിയിച്ച് പയ്യന്നൂർ പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്തു നിന്നും ക്ഷേത്ര പരിസരത്തേക്ക് വിളംബര ഘോഷയാത്ര നടന്നു. ടി എം പ്രേംനാഥിന്റെ പൊയ്ക്കാലിലുള്ള മയൂര നൃത്തം, തെരു അഷ്ടമച്ചാൽ വാദ്യകലാവേദിയുടെ പഞ്ചവാദ്യം, ഗ്രാന്മ ഡിജിറ്റൽ ബീറ്റ്‌സിന്റെ ബേന്റ് മേളത്തിന്റെയും കേരളീയ വേഷം ധരിച്ച് മുത്തുക്കുടകളേന്തിയ സ്ത്രീകളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്.

ക്ഷേത്രപരിസരത്ത് നടന്ന സാംസ്‌കാരിക സമ്മേളനം പത്രാധിപ സമിതി ചെയർമാൻ ഡോ. വി. ദിനേശ് ഉദ്ഘാടനം ചെയ്തു. സോവനീർ കമ്മിറ്റി ചെയർമാൻ കെ ടി സഹദുള്ള അദ്ധ്യക്ഷനായി. കളിയാട്ട ബ്രോഷർ പി .വി. കുട്ടൻ പ്രകാശനം ചെയ്തു. പി. തമ്പാൻ ഏറ്റുവാങ്ങി. കേരള പൂരക്കളി അക്കാഡമി സെക്രട്ടറി കെ. വി. മോഹനൻ, കെ. വി.സുരേന്ദ്രൻ, വി. സി. നാരായണൻ, പി. കെ. സുരേഷ് എന്നിവർ സംസാരിച്ചു. എം. പ്രസാദ് സ്വാഗതവും പി .വി. കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് എൻ. വി. കൃഷ്ണൻ മാസ്റ്ററുടെ ശിക്ഷണത്തിൽ 55 കലാകാരികൾ അണിനിരന്ന ആടും ഇശൈ നൃത്താവതരണം, ഗാനമേള എന്നിവയും നടന്നു.

നീലിയാർ ഭഗവതിക്ഷേത്രം കളിയാട്ടം നാലിന് തുടങ്ങും

മാതമംഗലം:നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ടം 4 മുതൽ 8 വരെ നടക്കും.4 ന് വൈകീട്ട് കലവറ നിറയ്ക്കൽ ഘോഷയാത്ര തുടർന്ന് മെഗാ തിരുവാതിര .രാത്രി 8 ന് കളിയാട്ടം തുടങ്ങൽ. 5 ന് രാത്രിക്ക് നിലിയാർ ഭഗവതി തോറ്റം, ഊർപ്പഴശി, വേട്ടയ്‌ക്കൊരു മകൻ തെയ്യത്തിന്റെ തോറ്റം. 8.30 ന് കോഴിക്കോട് തില്ലാനഓർക്കസ്ട്രയുടെ ഗാമേള. രാത്രി 12 ന് കാവിൽ അടിയന്തിരം .6 ന് പുലർച്ചെ ഊർപ്പഴശിവേട്ടയ്‌ക്കൊരു മകൻ ദൈവങ്ങളുടെ പുറപ്പാട്. 9 ന് നീലിയാർ ഭഗവതിയുടെ പുറപ്പാട് .വൈകീട്ട് 6.30 ന് കോൽക്കളി തുടർന്ന് പാണപ്പുഴ പത്മനാഭ പണിക്കർ പാണപ്പുഴയുടെ അധ്യാത്മിക പ്രഭാഷണം. അടയ്ക്കാത്തൂണുകളുടെ നിർമാണം. വിവിധ തോറ്റങ്ങൾ.7 ന് പുലർച്ചെ മുതൽ തെയ്യങ്ങൾ. വൈകീട്ട് 6ന് മേലേരിക്ക് അഗനി പകരൽ .തുടർന്ന് നീലിയാർ ഭഗവതി, ഊർപ്പഴശ്ശി, വേട്ടയ്ക്കരുമകൻ, തീച്ചാമുണ്ഡിയുടെ തോറ്റം, കാവിൽ അടിയന്തിരം .8 ന് പുലർച്ചെ 4ന് ഊർപ്പഴശി, വേട്ടയ്ക്കരുമകൻ ദൈവങ്ങളുടെ പുറപ്പാട്.തുടർന്ന് തീച്ചാമുണ്ഡിയുടെ അഗനിപ്രവേശം. പകൽ 11ന് നാളികേര മുടയ്ക്കൽ. 12 ന് നീലിയാർ ഭഗവതിയുടെ പുറപ്പാട് .അന്നദാനം.