നീലേശ്വരം: കേന്ദ്ര യോഗ പ്രകൃതിചികിത്സാ ഗവേഷണ കേന്ദ്രം കിനാനൂർ - കരിന്തളത്ത് തുടങ്ങാൻ പോകുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ കാവിൽ ഭവൻ യോഗ പ്രകൃതിചികിത്സാ കേന്ദ്രത്തിലെ യോഗാചാര്യൻ രാമൻ മാസ്റ്ററെ മറന്നു. ജില്ലയിലും സംസ്ഥാനത്തും ഇന്ത്യയിലും അറിയപ്പെടുന്ന രാമൻ മാസ്റ്ററെ കഴിഞ്ഞ മാസം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി യോഗ പൈതൃക പുരസ്‌കാരവും പ്രശസ്തിപത്രവും നൽകി ആദരിച്ചിരുന്നു.

വിദേശത്തു നിന്ന് വരെ രാമൻ മാസ്റ്ററ്റുടെ കീഴിൽ യോഗ അഭ്യസിക്കാനും ചികിത്സയ്ക്ക് വന്നും രോഗം ഭേദമായവർ നിരവധിയാണ്. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവരെ യോഗ പരിശീലിപ്പിച്ചിട്ടുണ്ട്.

കരിന്തളത്ത് യോഗ പ്രകൃതിചികിത്സാ ഗവേഷണ കേന്ദ്രം വരുന്നതിൽ സന്തോഷമുണ്ടെന്നും അതിന്റെ ഗുണം പാലായി യോഗ പ്രകൃതിചികിത്സാ കേന്ദ്രത്തിന് ലഭിക്കുമെന്നും 97 വയസായ തനിക്ക് കരിന്തളത്ത് പോകാൻ സാധിക്കില്ലെങ്കിലും നമ്മുടെ നാട്ടിൽ ഇത്തരമൊരു സ്ഥാപനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് തന്നെ അറിയിക്കാമായിരുന്നെന്നും രാമൻ മാസ്റ്റർ ദുഃഖത്തോടെ പറഞ്ഞു.