നീലേശ്വരം: പൊതുപരിപാടികളിലെ അനൗൺസർ ആയി ആറാം ക്ലാസുകാരി. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി ചായ്യോത്ത് കിനാനൂർ ജി.എൽ.പി.എസിനു സമീപം ശ്രീപാദത്തിലെ ഗായത്രി കൃഷ്ണയാണ് ഈ കൊച്ചുമിടുക്കി. കരിന്തളത്തു ഞായറാഴ്ച നടന്ന കേന്ദ്ര യോഗപ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ഇംഗ്ലീഷ് അനൗൺസ്‌മെന്റിലൂടെയാണ് ഗായത്രി വേദിയുടെയും സദസിന്റെയും ശ്രദ്ധ നേടിയത്. ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പരിപാടിയിലേക്ക് ഉദ്ഘാടകനെയും പ്രാസംഗികരെയും ക്ഷണിക്കുന്ന ചുമതലയും ഗായത്രിയെ തന്നെ ഏൽപ്പിച്ചു.
ഉദ്ഘാടനം നിർവഹിച്ച കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഗായത്രിയെ അഭിനന്ദിച്ച് ശിരസിൽ കൈവച്ച് അനുഗ്രഹിച്ചാണു വേദിയിൽ നിന്നു മടങ്ങിയത്. പിതാവ് ഉണ്ണിക്കൃഷ്ണൻ പ്രസിഡന്റായ ചോയ്യംകോട് ജേസീസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഗായത്രിയുടെ ആദ്യ അനൗൺസ്‌മെന്റ് കേട്ട് അന്നു ചടങ്ങിൽ പങ്കെടുത്തിരുന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാലയാണ് യോഗ പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലേക്കു ക്ഷണിച്ചത്. പിതാവിനൊപ്പം എത്തിയ ഗായത്രി ഇതു ഭംഗിയായി നിർവഹിക്കുകയും ചെയ്തു.
സംഗീതം, നൃത്തം, കരാട്ടെ എന്നിവ പഠിക്കുന്നുണ്ട്. നന്നായി ചിത്രവും വരയ്ക്കും. കേന്ദ്രീയ വിദ്യാലയം സോഷ്യൽ സയൻസ് എക്സിബിഷനിൽ കേരളവും ലക്ഷദ്വീപും ഉൾക്കൊള്ളുന്ന റീജണിൽ സംസ്‌കൃത ശ്ലോക പാരായണത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ബ്രിഡ്‌കോ ആൻഡ് ബ്രിട്‌കോ മൊബൈൽ ഫോൺ പരിശീലന കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ഉണ്ണികൃഷ്ണൻ കിനാനൂരിന്റെയും ഡോ. ടി.ആർ. രശ്മിയുടെയും മകളാണ്. സഹോദരി: ഗൗരിലക്ഷ്മി കൃഷ്ണ കാഞ്ഞങ്ങാട് സി.എം.ഐ ക്രൈസ്റ്റ് പബ്ലിക് സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

അനൗൺസറായി ഗായത്രി. സമീപം പിതാവ് ഉണ്ണികൃഷ്ണൻ.