ആരോഗ്യ ജാഗ്രതാ സേനയുടെ പ്രവർത്തനം വിപുലീകരിക്കും

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാത്ത് ലാബ്

കാഞ്ഞങ്ങാട്: സാമൂഹ്യനീതി വകുപ്പിനു കീഴിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രത്യേക സ്‌കീം നടപ്പാക്കുമെന്നും മുളിയാറിൽ എൻഡോൾസൾഫാൻ പുനരധിവാസ ഗ്രാമം ഈ വർഷം തന്നെ പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രിയുടെ തറക്കല്ലിട്ട് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആറ് ബഡ്സ് സ്‌കൂളുകളുടെ ഉദ്ഘാടനം ഈ വർഷം തന്നെ ഉണ്ടാകും. എൻഡോസൾഫാൻ ദുരിത ബാധിതരുടെ 50, 000 രൂപ വരെയുള്ള കടങ്ങളായിരുന്നു നേരത്തെ എഴുതിത്തള്ളിയതെങ്കിൽ ഇപ്പോഴത് മൂന്നു ലക്ഷം വരെയുള്ളതാക്കി വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. മഴക്കാല രോഗങ്ങളെയും പകർച്ചവ്യാധികളെയും പ്രതിരോധിക്കാൻ ആരോഗ്യ ജാഗ്രതാ സേനയുടെ പ്രവർത്തനം വിപുലീകരിച്ച് 20 വീടുകൾക്ക് ഒരു സേന, 20 കടകൾക്ക് ഒരു സേന എന്ന നിലയിൽ ഇവർ പ്രവർത്തിക്കും. അടുത്ത മൂന്നോ നാലോ വർഷംകൊണ്ട് ആരോഗ്യസേനയുടെ പ്രവർത്തനത്തിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭിക്കും.

പ്രസവചികിത്സാപദ്ധിയായ ലക്ഷ്യക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് താലൂക്ക് ആശുപത്രിയിലും ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഈ ഗവൺമെന്റിന്റെ കാലത്ത് തന്നെ അതു പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, പുല്ലൂർപെരിയ പഞ്ചയാത്ത് പ്രസിഡന്റ് ശാരദ എസ്. നായർ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ എൽ. സുലൈഖ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. മുഹമ്മദ് കുഞ്ഞി, നൗഫൽ കാഞ്ഞങ്ങാട്, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, അബ്രഹാം തോണക്കര, ജോർജ്ജ് പൈനാപ്പള്ളി, ബിൽടെക് അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ സ്വാഗതവും ഡി.എം.ഒ ഇൻചാർജ് ഡോക്ടർ എ.വി രാംദാസ് നന്ദിയും പറഞ്ഞു.


അമ്മയും കുഞ്ഞും ആശുപത്രി ശിലാസ്ഥാപനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർവഹിക്കുന്നു.