കാസർകോട്: രണ്ടാമത്തെ കുരുക്ഷേത്ര യുദ്ധമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര നായന്മാർമൂലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കൗരവപ്പടയെ ഛിന്നഭിന്നമാക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നത്. ആ കൗരവപ്പടയെ നിലംപരിശാക്കാനുള്ള പടയൊരുക്കമാണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെയും മതേതര ജനാധിപത്യ പാർട്ടികളുടെയും നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രധാനവും നിർണായകവുമായ സമയത്താണ് മുല്ലപ്പള്ളി യാത്ര നടത്തുന്നത്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന മോദിയെ താഴെ ഇറക്കുന്നതോടൊപ്പം കേരളം ഭിന്നിപ്പിച്ചു ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന് ചുട്ടമറുപടി കൊടുക്കാനും കഴിയണം. ബി.ജെ.പിയെ പരാജയപ്പെടുത്താൻ മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന പ്രചാരണം ഫലത്തിൽ ബി.ജെ.പിയെ സഹായിക്കാനാണ്. കേരളത്തിൽ മാത്രമുള്ള സി.പി.എം എങ്ങനെയാണ് ബി.ജെ.പിയെ താഴെയിറക്കുന്നത്. കോൺഗ്രസിനെ ദേശസ്‌നേഹം പഠിപ്പിക്കാൻ ബ്രിട്ടീഷുകാരുടെ ഏജന്റായിരുന്ന ആർ.എസ്.എസ് വളർന്നിട്ടില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ: ചെന്നിത്തല
കാസർകോട്: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടുപേരും ഏകാധിപതികളെ പോലെയാണ് ഭരിക്കുന്നത്. ജനങ്ങളുടെ പ്രയാസങ്ങളൊന്നും ഇരുവർക്കും വലിയ കാര്യമേയല്ല. ജനങ്ങളെ കൊടിയ ദുരിതത്തിലാക്കുന്നതിലും വിലക്കയറ്റം രൂക്ഷമാക്കുന്നതിലും കേന്ദ്ര, കേരള സർക്കാരുകൾക്ക് വലിയ പങ്കാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ട് ചെയ്യുന്നത് പ്രയോജനം ചെയ്യുന്നത് ബി.ജെ.പി ക്കായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.